
കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിന്ന് നടുക്കം മാറാതെ നാട്ടുകാര്‍. രണ്ട് കിലോമീറ്റർ അകലേക്ക് വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഇന്നലെ ഗൃഹപ്രവേശം നടത്തിയ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച വീട് ഇന്ന് സ്ഫോടനത്തിൽ തകർന്നത് നൊമ്പര കാഴ്ചയായി. പുറക്കാട് സ്വദേശി ശ്രീനാഥിന്റെ വീട്ടിലാണ് സ്ഫോടനത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. ഭാഗ്യം കൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്നലെ ഗൃഹപ്രവേശം നടത്തിയ ശ്രീനാഥിന്റെ വീടിന്‍റെ ജനല്‍ ചില്ലകള്‍ സ്ഫോടനത്തിൽ പൂര്‍ണമായും തകര്‍ന്നു. വീടിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മിക്ക വീടുകളും മൊത്തം നശിച്ചു. ജനലുകളും വാതിലുകളുമെല്ലാം പൂര്‍ണമായി തകര്‍ന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍ പറയുന്നു. വീടിനുള്ളിലെ സാമഗ്രികള്‍ ഉപയോഗശൂന്യമായി. ലോണെടുത്ത് വച്ച വീടുകളാണ് ഭൂരിഭാഗവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സമീപവാസികള്‍.
ഇന്ന് രാവിലെയാണ് തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. സ്ഫോടനത്തില്‍ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam