
തൃശൂർ: തൃശൂർ കാഞ്ഞാണിയിൽ മിന്നൽ ചുഴലിയിൽ തെങ്ങിൻ പട്ട വന്നടിച്ച് യാത്രക്കാരുമായി പോയിരുന്ന ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവർക്ക് കാലിലും കയ്യിലും പരിക്കേറ്റു. ബസിന്‍റെ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ തൃശൂരിൽ നിന്നും തൃപ്രയാറിലേക്ക് പോയിരുന്ന 'നിർമ്മാല്യം' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ കാറ്റിൽപ്പെട്ട് പാതയോരത്ത് വളരെ ഉയരത്തിൽ നിന്ന തെങ്ങിൽ നിന്ന് പിഴുതെറിയപ്പെട്ട പോലെയാണ് തെങ്ങിൻ പട്ട ബസിന്‍റെ ഗ്ലാസിൽ വന്നടിച്ചത്. ഉഗ്ര ശബ്ദത്തോട്ടെ ഗ്ലാസ് പൊട്ടിച്ചിതറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വാഹനം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു. ഡ്രൈവറായ മണലൂർ സ്വദേശി പൂക്കാട്ട് വീട്ടിൽ രാഹുൽ (29) ന് കൈയ്യിനും കാലിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ഈ അപകടം നടന്നതിന് സമീപത്ത് തന്നെയുള്ള കാഞ്ഞാണിയിലെ പെട്രോൾ പമ്പിന് സമീപം നിന്നിരുന്ന മരവും ചുഴലിക്കാറ്റിൽ മറിഞ്ഞുവീണ് മറ്റൊരു അപകടവും ഉണ്ടായി. പമ്പിലെ ജീവനക്കാരിൽ ചിലർ മരം വീഴുന്നതിന് തൊട്ടുമുമ്പു വരെ അതിനടിയിൽ നിന്നിരുന്നു. അവർ മരത്തിനടിയിൽ നിന്ന് നീങ്ങുന്നതിന് ഒപ്പമാണ് മരം നിലംപൊത്തിയത്. തല നാരിഴക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു. കാഞ്ഞാണിയിലും സമീപപ്രദേശങ്ങളായ അരിമ്പൂരിലും മഴക്കൊപ്പം ശക്തമായ മിന്നൽ ചുഴലിക്കാറ്റ് ആണ് വീശിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam