Thrissur Mayor : 'അർഹമായ പരിഗണനയില്ല, സല്യൂട്ടിൽ ഡിജിപിക്ക് ഒരു മറുപടി തന്നുകൂടേ?'

Published : Dec 08, 2021, 10:41 AM ISTUpdated : Dec 08, 2021, 10:43 AM IST
Thrissur Mayor : 'അർഹമായ പരിഗണനയില്ല, സല്യൂട്ടിൽ ഡിജിപിക്ക് ഒരു മറുപടി തന്നുകൂടേ?'

Synopsis

നഗരസഭാദ്ധ്യക്ഷനായ തനിക്ക് പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയ്ക്കും എംപിയ്ക്കും മുകളിലാണ് സ്ഥാനം. എന്നാൽ കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ തന്നെ അധ്യക്ഷനാക്കാതെ മുഖ്യാതിഥിയായി ഒതുക്കും. 

തൃശ്ശൂർ: നഗരസഭാധ്യക്ഷനായ തനിക്ക് വേണ്ടത്ര പരിഗണനയില്ലെന്ന ആവലാതിയുമായി തൃശ്ശൂർ മേയർ എം കെ വർഗീസ് (Thrissur Mayor M K Varghese) വീണ്ടും രംഗത്ത്. ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് സ്കൂളിലെ ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നാലെയാണ് തൃശ്ശൂർ മേയറുടെ പരാതി. വിജയദിനാചരണവുമായി ബന്ധപ്പെട്ട് പൂങ്കുന്നം ഗവ. സ്കൂളിൽ വച്ച ഫ്ലക്സിൽ തന്‍റെ ചിത്രം ചെറുതാക്കി വയ്ക്കുകയും, എംഎൽഎ പി ബാലചന്ദ്രന്‍റെ ചിത്രം വലുതാക്കി വയ്ക്കുകയും ചെയ്തതാണ് മേയറെ ശുണ്ഠി പിടിപ്പിച്ചത്. നേരത്തേ പൊലീസ് സല്യൂട്ടിന്‍റെ പേരിൽ മേയർ പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. 

തനിക്ക് കോർപ്പറേഷൻ പരിധിയിലുള്ള പരിപാടികളിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് മേയ‍ർ എം കെ വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂളിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത് പ്രോട്ടോക്കോൾ ലംഘനം മൂലമാണ്. അർഹമായ പരിഗണന പല ചടങ്ങുകളിലും തനിക്ക് കിട്ടാറില്ല. നഗരസഭാദ്ധ്യക്ഷനായ തനിക്ക് പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയ്ക്കും എംപിയ്ക്കും മുകളിലാണ് സ്ഥാനം. എന്നാൽ കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ തന്നെ അധ്യക്ഷനാക്കാതെ മുഖ്യാതിഥിയായി ഒതുക്കും. മിക്ക പരിപാടികളിലും പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും എം കെ വ‍ർഗീസ് ആരോപിക്കുന്നു. 

സല്യൂട്ട് വിവാദത്തിൽ ഡിജിപി ഇത് വരെ തനിക്ക് മറുപടി തന്നിട്ടില്ല. രേഖാമൂലമാണ് തനിക്ക് സല്യൂട്ട് നൽകാൻ പൊലീസുദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് ഡിജിപിക്ക് പരാതി നൽകിയത്. അതിനിത് വരെ തനിക്ക് ഒരു മറുപടി ലഭിച്ചിട്ടില്ല. മേയർക്ക് സല്യൂട്ടിന് അർഹതയുണ്ടോ ഇല്ലയോ എന്ന് ഡിജിപി പറയട്ടെ. രേഖാമൂലം പരാതി നൽകിയാൽ അത്തരത്തിൽ തന്നെ തിരികെ മറുപടി തരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും ഡിജിപിക്ക് കത്ത് നൽകുമെന്നും മേയർ എം കെ വർഗീസ് പറഞ്ഞു. 

ഫോട്ടോ ചെറുതായതിൽ പ്രതിഷേധിച്ച് എം കെ വർഗീസ് പരിപാടി ബഹിഷ്കരിച്ചതോടെ സ്ഥലം എംഎൽഎ പി ബാലചന്ദ്രനും പരിപാടിക്ക് എത്തിയില്ല. ഒടുവിൽ സ്ഥിരം സമിതി ചെയർമാൻ എൻ എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

ഔദ്യോഗികകാറിൽ താൻ പോകുമ്പോൾ പൊലീസുകാർ സല്യൂട്ട് തരുന്നില്ലെന്ന് നേരത്തേ മേയർ പറഞ്ഞത് വിവാദമായിരുന്നു. എം കെ വർഗീസിനെ ആരും ബഹുമാനിക്കണ്ട, പക്ഷേ മേയർ എന്ന പദവിയെ ബഹുമാനിച്ചേ തീരൂവെന്നും സല്യൂട്ട് തരാൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. 

പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാം സ്ഥാനമാണ് കോർപ്പറേഷൻ മേയർക്ക്. സല്യൂട്ട് നൽകാത്ത വിഷയം താൻ പല തവണ ഉന്നയിച്ചു. എന്നിട്ടും പൊലീസ് മുഖം തിരിച്ചു. മേയറെ കാണുമ്പോൾ പൊലീസ് തിരിഞ്ഞു നിൽക്കുന്ന സാഹചര്യമാണ് - എം കെ വ‍ർഗീസ് ആരോപിച്ചിരുന്നു. 

കോൺഗ്രസ് വിമതനായിരുന്ന എം കെ വർഗീസ് ഇടതുപിന്തുണയോടെയാണ് തൃശ്ശൂർ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യം തനിക്ക് അഞ്ച് വർഷവും മേയർ സ്ഥാനം തരണമെന്ന് ആദ്യം എം കെ വർഗീസ് ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മും സിപിഐയും ഇത് സമ്മതിച്ചില്ല. തുടർന്ന് മൂന്ന് വർഷം മേയർ സ്ഥാനം നൽകണമെന്നായി ആവശ്യം. ഇതും അംഗീകരിച്ചില്ല. പിന്നീട് നടന്ന ചർച്ചയിലാണ് ആദ്യരണ്ട് വർഷം എം കെ വർഗീസിന് മേയർ സ്ഥാനം നൽകാൻ തീരുമാനമായത്. പിന്നീടുള്ള മൂന്ന് വർഷം മേയർ പദവി സിപിഎമ്മും സിപിഐയും പങ്കിടാനും തീരുമാനിച്ചു. 

54 ഡിവിഷനുകളുള്ള തൃശ്ശൂർ കോര്‍പ്പറേഷനില്‍ എൽഡിഎഫ്- 24, യുഡിഎഫ്- 23, എൻഡിഎ- ആറ്, കോണ്‍ഗ്രസ് വിമതന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം
പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി