തൃശൂര്‍ മേയര്‍ സ്ഥാനമേറ്റു; പക്ഷേ ചേംബറും ചെയറും ഇല്ല !

By Web TeamFirst Published Dec 18, 2018, 12:38 PM IST
Highlights

മേയര്‍മാര്‍ മാറുന്ന ഘട്ടത്തില്‍ ചേംബറില്‍ നവീകരണ-അറ്റകുറ്റ പ്രവൃത്തികള്‍ പതിവാണെന്നായിരുന്നു സിപിഎം വിശദീകരണം. എന്നാല്‍, പുതിയ മേയര്‍ കഴിഞ്ഞ 12 ന് സ്ഥാനമേറ്റിട്ടും ഇതുവരെ ചേംബറും ചെയറും ആയിട്ടില്ല.

തൃശൂര്‍: മേയറായി ചുമതലയേറ്റെങ്കിലും ഇരിക്കാന്‍ കസേരയില്ലാതായ അജിത വിജയന് ഡെപ്യൂട്ടി മേയറുടെ ചേംബര്‍ താല്‍ക്കാലിക ആശ്വാസമായി. നേരത്തെ, താല്‍ക്കാലിക ചുമതല വഹിച്ച ഡെപ്യൂട്ടി മേയര്‍ ബീന മുരളിക്കും മേയര്‍ കസേര കിട്ടിയിരുന്നില്ല. മേയര്‍മാര്‍ മാറുന്ന ഘട്ടത്തില്‍ ചേംബറില്‍ നവീകരണ-അറ്റകുറ്റ പ്രവര്‍ത്തികള്‍ പതിവെന്നായിരുന്നു സിപിഎം വിശദീകരണം. എന്നാല്‍ പുതിയ മേയര്‍ കഴിഞ്ഞ 12 ന് സ്ഥാനമേറ്റിട്ടും ഇതുവരെ ചേംബറും ചെയറും ആയിട്ടില്ല.

പ്ലാനും എസ്റ്റിമേറ്റും കൗണ്‍സില്‍ അനുമതിയും ഇല്ലാതെതന്നെ നവീകരണത്തിനെന്ന പേരില്‍ മേയറായിരുന്ന അജിത ജയരാജന്‍ രാജിവച്ചതിന് തൊട്ടുപിറകെ മേയറുടെ ചേംബര്‍ അപ്രതീക്ഷിമായി പൊളിച്ചിട്ടത് വിവാദമായിരുന്നു. എന്നാല്‍ സിപിഐക്കാരിയായ താന്‍ ചുമതല ഏറ്റതിന്‍റെ പേരില്‍ മേയര്‍ കസേരയില്‍ ഇരിക്കേണ്ടെന്ന ചിലരുടെ ഗൂഡാലോചനയാണ് ചേംബര്‍ പൊളിക്കലിന്റെ പിന്നിലെന്നായിരുന്നു ഡെപ്യൂട്ടി മേയര്‍ ബീന മുരളിയുടെ ആക്ഷേപം.

മെയര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി മെയറിന് മേയറുടെ ചാര്‍ജ്ജും ലഭിച്ചപ്പോഴായിരുന്നു സംഭവം. എന്നാല്‍ പൊളിച്ചിട്ട ചേംബറില്‍ കസേരയിട്ടിരുന്നുള്ള ബീനയുടെ മേയര്‍ ജോലികള്‍ സിപിഐ ജില്ലാ നേതൃത്വം ഇടപെട്ടതോടെ ഒറ്റ ദിവസംകൊണ്ട് അവസാനിപ്പിച്ച് ഡെപ്യൂട്ടി മേയറുടെ ചേംബറിലേക്ക് തന്നെ മടങ്ങി.

സിപിഐ നേതാവായ അജിത വിജയന്‍ മേയറായെത്തിയിട്ടും കസേരയില്ലാതെ ദിവസങ്ങള്‍ കഴിഞ്ഞു. ഇതിനിടെ മുന്നണി ധാരണപ്രകാരം ബീന മുരളി ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ചു.  ഒഴിഞ്ഞു കിടക്കുന്ന ഡെപ്യൂട്ടി മേയറുടെ ചേംബറിലാണ് ഇപ്പോള്‍ പുതിയ മേയര്‍ക്ക് ഇരിപ്പിടമൊരുക്കിയിട്ടുള്ളത്. അലങ്കോലമായി കിടക്കുന്ന മേയറുടെ ഓഫീസിന്റെ അറ്റകുറ്റപണികള്‍ ഇഴഞ്ഞുനീങ്ങുന്നു.  

പുതിയ മേയറായി അജിതാ വിജയന് ചുമതലയേല്‍ക്കുന്നതിനായി മേയറുടെ ചേംബര്‍ വൃത്തിയാക്കിയിരുന്നു. കേബിളുകള്‍ എലി കടിച്ചിരുന്നെന്നും അവ മാറ്റി സ്ഥാപിക്കാനാണ് ചേംബര്‍ പൊളിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം. മേയറുടെ ചേംബര്‍ പുതുക്കി പണിയാന്‍ 15 ദിവസത്തോളം വേണ്ടി വരുന്നതിനാല്‍  അതുവരെ ഡെപ്യൂട്ടി മേയറുടെ റൂമില്‍ തുടരുമെന്ന് മേയര്‍ അറിയിച്ചു.

click me!