സര്‍ക്കാര്‍ രേഖയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച വീട്; പക്ഷെ ഇവരുടെ മേല്‍ക്കൂര... ആകാശം

By Web TeamFirst Published Aug 24, 2019, 6:50 PM IST
Highlights

സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് രേഖയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച വീട് ഉണ്ടെന്നതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തിയോ മറ്റോ ഇനിയൊരു വീട് നല്‍കാന്‍ നിയമപരമായി വഴിയില്ലെന്നതാണ് വസ്തുത

തൃശൂര്‍: നിര്‍ധനകുടുംബം പത്ത് വര്‍ഷമായി ജീവിക്കുന്നത് ആകാശം മേല്‍ കൂരയാക്കി. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ താമസിക്കുന്ന പട്ടികജാതി കുടുംബമായ പെരുമ്പായില്‍ വീട്ടില്‍ ഷിബുമോന്‍ (42), ഭാര്യ രജനി (39), മക്കളായ ദേവിക (12), ശ്രീദേവ് (11) എന്നിവരടങ്ങുന്ന കുടുംബമാണ് നരകജീവിതം അനുഭവിക്കുന്നത്.

2009 ല്‍ പട്ടികജാതി വകുപ്പില്‍ നിന്ന് ഭവന നിര്‍മ്മാണത്തിന് ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് 380 സ്‌ക്വയര്‍ ഫിറ്റില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്. തറ കെട്ടി ചുമര് ഉയരം വരെ നിര്‍മ്മാണം എത്തിയ ഘട്ടത്തിലാണ് ഷിബുമോന്‍ ക്ഷയരോഗ ബാധിതനായത്. തുടര്‍ന്ന് ഭാര്യയും രോഗത്തിനടിമയായതോടെ വീട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. രോഗത്തിനോട് പൊരുതി ഇരുവരും വിജയിച്ചുവെങ്കിലും പത്ത് വര്‍ഷത്തിന് ശേഷവും വീടിന് മേല്‍കൂര നിര്‍മ്മിക്കാന്‍ പോലും ഇവര്‍ക്കായിട്ടില്ല.

വീട് നിര്‍മ്മാണത്തിനുള്ള അവസാന ഘട്ട തുകയും ഇവര്‍ കൈപറ്റി ഒപ്പിട്ട് കൊടുക്കുകയും ചെയ്തു. മുകള്‍ ഭാഗം നിര്‍മ്മിക്കുന്നതിനാവശ്യമായ കമ്പിയും എം സാന്റും ഇറക്കിവച്ചുവെങ്കിലും രോഗം കീഴടക്കിയതോടെ ശാരീരിക അവശത മൂലം ഇരുവരും കിടപ്പിലായി. രോഗം ഭേദമായി വരുമ്പോഴേക്കും വര്‍ഷങ്ങളെടുത്തു. നിര്‍മ്മിച്ചഭാഗങ്ങളൊക്കെയും കേട് വന്നതോടെ ഈ ചുമരില്‍ വാര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയും മറ്റൊരും വീട് പണിയാനാകാത്ത സാഹചര്യവുമാണ് ഇവര്‍ക്കുള്ളത്. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് രേഖയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച വീട് ഉണ്ടെന്നതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തിയോ മറ്റോ ഇനിയൊരു വീട് നല്‍കാന്‍ നിയമപരമായി വഴിയില്ലെന്നതാണ് വസ്തുത.

മുല്ലശ്ശേരി പറമ്പന്തള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ട്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായ രണ്ട് മക്കള്‍ ഉള്‍പ്പെടുന്ന ഈ കുടുംബം നിലവില്‍ ജീവിക്കുന്ന സമാനതകളില്ലാത്ത സാഹചര്യത്തിലാണ്. മനുഷ്യസ്‌നേഹികളുടെ ഇടപെടലുകളാണ് ഈ കുടുംബത്തിന്റെ ഏക പ്രതിക്ഷ. നിര്‍മ്മാണ തൊഴിലാളിയായ ഷിബുമോന് കനത്ത മഴയും പ്രളയവുമായതിനാല്‍ ആഴ്ചകളായി തൊഴിലില്ല. മുല്ലശ്ശേരിയിലെ പൊലിസ്റ്റേഷന് സമീപത്തെ ചായകട യോട് ചേര്‍ന്ന് ഷെഡ് കെട്ടി ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് ഈ കുടുംബത്തിന്റെ നിത്യജീവിതം മുന്നോട്ട് പോകുന്നത്.

click me!