ഒറ്റമുറി ഷെഡിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ

By Web TeamFirst Published Feb 28, 2022, 7:22 PM IST
Highlights

വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. ഏഴുമാസം മുന്‍പ് മഴക്കാലത്താണ് തന്‍റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്‍റെ സഹായം തേടിയത്.

മാന്ദമംഗലം: വീടെന്ന് വിളിക്കുന്ന ഒറ്റമുറി ഷെട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്‍റെ ഈ സമ്മാനം . നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. 

വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. ഏഴുമാസം മുന്‍പ് മഴക്കാലത്താണ് തന്‍റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്‍റെ സഹായം തേടിയത്. ഇവിടുത്തെ ഡയറക്ടര്‍ ഫാ. ജോർജ് കണ്ണംപ്ലാക്കൽ സന്നദ്ധ സംഘടനയായ ഡ്രീംനേഷൻ മൂവ്മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഏല്‍പ്പിച്ചു. ഷിനുവിന്‍റെ വീടിന്‍റെ ചോര്‍ച്ച പരിഹരിക്കാന്‍ പഴയ തകരഷീറ്റ് തേടി നടത്തറയിലെ കടയില്‍ ഇവര്‍ എത്തിയപ്പോഴാണ് ഷിനുവിന്‍റെ അവസ്ഥ അറിഞ്ഞ കടയുടമ സഹായം നല്‍കാമെന്ന് ഏറ്റത്.  ഫാ. ജോർജ് കണ്ണംപ്ലാക്കലിന്‍റെ മേല്‍നോട്ടത്തിലാണ് വീട് പണി പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം വീടിന്‍റെ താക്കോല്‍ദാനം നടത്തി. 

മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്നു വിതരണത്തിൽ വീഴ്ചവരുത്തി, ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

 

ആലപ്പുഴ: ജോലിക്കിടെ മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പുഴ ആര്യാട് കുന്നുങ്കൽവീട് സുമൻ ജേക്കബിനെയാണ് (51) നാട്ടുകാരുടെ പരാതിയെത്തുടർന്ന് എസ്ഐ ടോൾസൺ പി.തോമസ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്. 

മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു രേഖാമൂലം റിപ്പോർട്ടും നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളിൽ പോളിയോ മരുന്നും ശീതീകരണ ബോക്സും എത്തിക്കുകയായിരുന്നു സുമൻ ജേക്കബിന്റെ ജോലി. ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തി. ഈ ബൂത്തുകളിൽ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ഇതെത്തുടർന്ന്, മെഡിക്കൽ ഓഫിസർ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേർന്നു പോളിയോ മരുന്ന് ഇവിടങ്ങളിൽ എത്തിക്കുകയായിരുന്നു. സുമൻ ജേക്കബിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സ്ത്രീയുടെ കണ്ണിൽ പൊടിവിതറി മാലമോഷ്ടിച്ച് മുങ്ങി, പ്രതിയെ പിടികൂടി പൊലീസ്

കൊല്ലം: ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ പൊടിവിതറി സ്വർണ്ണം കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞയാളെ പിടികൂടി പൊലീസ്. വാളക്കേട് സ്വദേശിനുടെ ഒന്നേകാൽ പവന്റെ മാലയാണ് ഇടമൺ സ്വദേശി ജമാലുദ്ദീൻ കവർന്നത്. കഴിഞ്ഞ ദിവസം വിളക്കുവെട്ടത്ത് വച്ചാണ് ഇയാൾ സ്ത്രീയുടെ മാല പറിച്ചെടുത്ത് ഓടിയത്. 

സ്ഥിരമായി പുല്ലുപറിക്കാനെന്ന തരത്തിൽ ഈ പ്രദേശത്ത് എത്തിയിരുന്ന ജലാലുദ്ദീൻ ദിവസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ജമാലുദീനെ അണ്ടൂർ പച്ചയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

എസ്ഐമാരായ ഹരീഷ്, അജികുമാർ ,ജീസ് മാത്യു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല ഇടമണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച ഇയാൾ 30000 രൂപ കൈപ്പറ്റിയതായും ഇതിൽ 12000 രൂപ എടുത്ത് കടം വീട്ടിയതായും പൊലീസ് കണ്ടെത്തി. ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

click me!