
തൃശൂർ: വ്യാജ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദ് (18) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. മതിലകം സെൻ്ററിലെ മൊബൈൽ ഷോപ്പിൽ നിന്ന് സ്‌മാർട്ട്ഫോൺ വാങ്ങിയ ശേഷം കടയുടമയെ തെറ്റിദ്ധരിപ്പിച്ച് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മതിലകം സെന്ററിൽ പ്രവർത്തിയ്ക്കുന്ന മൊബൈൽപാർക്ക് മൊബൈൽ ഷോപ്പിലാണ് തട്ടിപ്പ് നടത്തിയത്. മൊബൈൽ ഫോൺ ആവശ്യപ്പെട്ട യുവാവ് 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയ ശേഷം മൊബൈൽ ഷോപ്പിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഫോൺ പേ വഴി പണം അയച്ചതായി പറഞ്ഞു. ഇതിൻ്റെ സ്ക്രീൻ ഷോട്ട് കാണിച്ചുകൊടുത്ത ശേഷം പെട്ടെന്ന് മൊബൈൽ ഷോപ്പിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ കടയുടമ നൗഫൽ പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് നൗഫൽ സ്വന്തം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ലഭിച്ചില്ലെന്ന് വ്യക്തമായി.
പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും വ്യാജ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്താണ് 17000 രൂപ അയച്ചതായി തെറ്റിധരിപ്പിച്ചതെന്നും പിന്നീട് വ്യക്തമായി. ഇതിന് പിന്നാലെ കടയുടമ മതിലകം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു. ഉടമയുടെ പരാതിയിൽ മതിലകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് അഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മതിലകം പൊലീസ് എസ്.എച്ച്.ഒ ഷാജി.എം.കെ, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ. മാരായ സനീഷ്, ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam