
ഇടുക്കി: പരാധീനതകൾക്ക് നടുവിൽ വീർപ്പുമുട്ടുകയാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ തുല്യോദയ എൽപി സ്കൂൾ. സിമന്‍റ് തേയ്ക്കാത്തത് നിമിത്തം വലിയ പൊത്തുകളാണ് ഭിത്തി നിറയെ. ഇവയിലൂടെ ഇഴജന്തുക്കളെത്തുമോ എന്ന ഭീതിയിലാണ് കുട്ടികളുടെ പഠനം. ആദിവാസികളടക്കുള്ള കഞ്ഞിക്കുഴി മഴുവടിയിലെ 58 കുട്ടികൾ പഠിക്കുന്ന എയ്ഡഡ് സ്കൂളാണിത്.
1985ലാണ് സ്കൂൾ സ്ഥാപിതമായത്. അന്ന് പണിത ഭിത്തി ഇന്ന് വരെ സിമന്‍റ് തേച്ചിട്ടില്ല. 96ലെ കാലവർഷക്കാലത്ത് മേൽക്കൂര നിലംപൊത്തി.
അന്ന് പകരം പണിത മേൽക്കൂരയാണ് ഇപ്പോഴും ഉള്ളത് അതിന് ശേഷം ഒരു വിധത്തിലുള്ള അറ്റകുറ്റ പണികളും നടത്തിയിട്ടില്ല. അധ്യാപകർ കയ്യിൽ നിന്ന് പണം മുടക്കിയാണ് ഇപ്പോൾ അത്യാവശ്യം ജോലികൾ ചെയ്യുന്നത്.
സ്കൂൾ പുതുക്കാനുള്ള പണമില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ് . എയ്ഡഡ് സ്കൂൾ ആയതിനാൽ അറ്റകുറ്റ പണികൾക്ക് പണം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് പഞ്ചായത്തും കയ്യൊഴിയുന്നു.
സ്കൂളിന് സംരക്ഷണ ഭിത്തി കെട്ടാൻ ബ്ലോക്ക് ഫണ്ടിൽ നിന്നും പാചകപ്പുരയ്ക്ക് എംപി ഫണ്ടിൽ നിന്നും പണം നൽകി. എന്നാൽ അറ്റകുറ്റ പണികൾക്ക് മാത്രം എവിടെ നിന്നും പണമില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam