
മൂന്നാര്‍: മൂന്നാറിലെ (Munnar) തോട്ടം മേഖലകളില്‍ കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ (Wild Animal) ശല്യം രൂക്ഷമാവുന്നു. കടലാര്‍ എസ്റ്റേറ്റില്‍ കടുവ പശുവിനെ കടിച്ചുകൊന്നത് (Tiger Attack) ജനങ്ങൾക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. പ്രദേശവാസിയായ പാല്‍ദുരൈയുടെ പശുവാണ് ചത്തത്.
മൂന്നാറിലെ തോട്ടം മേഖലകളില്‍ കാട്ടാന ശല്യത്തിന് പിന്നാലെയാണ് ഇപ്പോൾ കടുവയുടെ ശല്യവും. കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ജീവന് ഭീതിയായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. രണ്ട് മൂന്ന് മാസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സംബന്ധിച്ച് നിരവധി പരാതികള്‍ ഉന്നയിച്ചെങ്കിലും വനംവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇടമലക്കുടിയിൽ രണ്ട് ദിവസം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. ഇടമലക്കുടി വളയാംപാറ കുടിയിലെ വേണുഗോപാൽ (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കുടിയിലെ വീടിൻ്റെ അടുത്തു വച്ചാണ് വേണുഗോപാലിനെ കാട്ടാന ആക്രമിച്ച് ചവിട്ടി കൊന്നതെന്ന് നാട്ടുകാർ പറയുന്നു. മൂന്നാർ - സൈലൻ്റുവാലി റോഡിൽ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറെ കാട്ടാന തുമ്പി കൈ ഉപയോഗിച്ച് ഓട്ടോയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തമിഴ്നാട് ആശുപത്രിയിൽ ചികിൽസയിലാണ്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകളൊന്നും കണ്ടെത്തിയില്ലായിരുന്നു. എന്നാൽ തമിഴ്നാട്ടിലെ പരിശോധനയിലാണ് ഗുരുതര പരിക്ക് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam