
കല്‍പ്പറ്റ: വേനല്‍ എത്തുന്നതിന് മുമ്പ് തന്നെ ഇത്തവണ വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ കടുക്കുകയാണ്. പന്നി, ആന തുടങ്ങിയ സ്ഥിരം മൃഗങ്ങള്‍ക്ക് പുറമെ കുറച്ചുവര്‍ഷമായി നാട്ടിലിറങ്ങി ഭീതി വിതക്കുകയാണ് കടുവകള്‍. നെന്മേനി പഞ്ചായത്തിലെ ചീരാലിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന കടുവ ശല്യത്തിന്റെ പേരില്‍ ഹര്‍ത്താല്‍ വരെയുണ്ടായി. ഒടുവില്‍ ഇവിടുത്തെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. ഇതിനിടെയാണ് സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ക്കായി കളക്ടറുടെ പ്രത്യേക നിര്‍ദേശം വന്നിരിക്കുന്നത്.
ജനവാസകേന്ദ്രങ്ങളിലേക്ക് കടുവ അടക്കമുളള വന്യജീവികള്‍ ഇറങ്ങുന്നത് പ്രതിരോധിക്കാന്‍ കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികള്‍ അടിയന്തരമായി കാട് വെട്ടി തെളിക്കണമെന്നാണ് കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകള്‍ക്ക് കത്ത് നല്‍കും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി വില്ലേജിലെ ദൊട്ടപ്പന്‍കുളം, ബീനാച്ചി, പൂതിക്കാട് ഭാഗങ്ങളിലും കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, കൃഷ്ണഗിരി റാട്ടകുണ്ട്, ആറാട്ട്പാറ ഭാഗങ്ങളിലും സ്വകാര്യസ്ഥാപന വളപ്പുകളും എസ്റ്റേറ്റുകളും കാട് പിടിച്ച് കിടക്കുന്നത് മൂലം കടുവയടക്കമുളള വന്യമൃഗങ്ങള്‍ താവളമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് കലക്ടറുടെ നടപടി. കടുവയുടെ സാന്നിധ്യം തിരിച്ചറിയിന്‍ മേപ്പാടി റേഞ്ചില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതാനായി ചീരാലില്‍ മൂന്ന് കൂടുകളും കൃഷ്ണഗിരിയില്‍ ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. വെറ്ററിനറി വിഭാഗത്തിന്റെ സേവനവും പ്രദേശത്ത് ഉറപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും യഥാസമയങ്ങളില്‍ വനം വകുപ്പ് നല്‍കുന്നുണ്ട്.
Read More : വയനാട് ചീരാലിൽ വീണ്ടും കടുവ കന്നുകാലികളെ ആക്രമിച്ചു; പിടിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് നാട്ടുകാര്‍
വനത്തിന് സമീപ ഗ്രാമങ്ങളിലെ കന്നുകാലി തൊഴുത്തുകളില്‍ സുരക്ഷ പ്രതിരോധങ്ങള്‍ ഉറപ്പിക്കാന്‍ ഉടമകള്‍ പരമാവധി ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാന്‍ ആദിവാസികള്‍ ഉള്‍പ്പെടെയുളള ദുര്‍ബല വിഭാഗങ്ങള്‍ക്ക് പദ്ധതിയൊരുക്കും. തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയല്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്തി ഇവരുടെ തൊഴുത്തുകള്‍ അടച്ചുറപ്പുളളതാക്കി മാറ്റുന്ന കാര്യം പരിഗണിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും ആലോചനയിലുളളതായി ജില്ല കളക്ടര്‍ പറഞ്ഞു.