പനമരത്ത് പശുവിനെ കൊന്നത് കടുവ തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്; പഴയ വൈത്തിരിയില്‍ അജ്ഞാത ജീവിയും

Published : Jan 19, 2023, 10:38 PM IST
പനമരത്ത് പശുവിനെ കൊന്നത് കടുവ തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്; പഴയ വൈത്തിരിയില്‍  അജ്ഞാത ജീവിയും

Synopsis

കടുവയാണ് ആക്രമിച്ചതെന്ന് വനപാലക സംഘം സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചു. പശുവിന്റെ ജഢം സംഭവസ്ഥലത്ത് നിന്ന് മാറ്റാതെയായിരുന്നു പ്രതിഷേധം. 

കല്‍പ്പറ്റ: പനമരം പഞ്ചായത്തിലുള്‍പ്പെട്ട നീര്‍വാരം വാളമ്പാടിയില്‍ പശുവിനെ ആക്രമിച്ചു കൊന്നത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. നടുവില്‍ മുറ്റം കുഞ്ഞിരാമന്റെ രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ കടുവ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ വയലില്‍ മേയാന്‍ വിട്ട പശുവിനെ കടുവയെത്തി ആക്രമിക്കുകയായിരുന്നു. വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് വാളമ്പാടി. വനത്തില്‍ നിന്നുമെത്തിയ കടുവ പശുവിനെ ആക്രമിക്കുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടിലെ വളര്‍ത്തു നായ്ക്കള്‍ ഒച്ചവച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി സെക്ഷനിലെ വനപാലകരും പനമരം പോലീസും സ്ഥലത്തെത്തി. കടുവയാണ് ആക്രമിച്ചതെന്ന് വനപാലക സംഘം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചു. പശുവിന്റെ ജഢം സംഭവസ്ഥലത്ത് നിന്ന് മാറ്റാതെയായിരുന്നു പ്രതിഷേധം. 

എന്നാല്‍ നഷ്ടപരിഹാരം ഉറപ്പ് നല്‍കിയതോടെയാണ് മൃതശരീരം മറവ് ചെയ്തത്. പനമരം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വാളമ്പാടി. നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുറകിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സെക്ഷനില്‍ ഉള്‍പ്പെടുന്ന വാളമ്പാടി കോളനിയില്‍ 25 ഓളം കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവരെ വനത്തില്‍ നിന്നും മാറ്റി താമസിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

രണ്ടു മാസം മുമ്പ് വാളമ്പാടിക്ക് സമീപത്തെ നഞ്ചറമൂലയിലും കടുവയിറങ്ങി പോത്തിനെ ആക്രമിച്ചു കൊലപെടുത്തിയിരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളായ നീര്‍വാരം, ദാസനക്കര, പുഞ്ചവയല്‍, അമ്മാനി, കൂടല്‍ക്കടവ് ഭാഗങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമാണ്. ആന, പന്നി, മയില്‍, കുരങ്ങ് തുടങ്ങിയവ കാടിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് നിത്യസംഭവമാണ്.

Read More : വയനാട്ടില്‍ യുവാവിന് നേരെ കടുവ പാഞ്ഞടുത്തു; ഓട്ടത്തിനിടയില്‍ കിങ്ങില്‍ വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

അതിനിടെ വൈത്തിരിയില്‍ ഇറങ്ങിയ അജ്ഞാതജീവി പശുവിനെ ആക്രമിച്ചു. മുള്ളന്‍പാറ കുന്നുമ്മല്‍ ഹസ്സന്റെ പശുവിനെയാണ് ബുധനാഴ്ച ഉച്ചക്ക് നാല് മണിയോടെ ആക്രമിച്ചത്. വീടിനടുത്ത വനപ്രദേശത്തോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം. പശുവിന്റെ ദേഹത്ത് മാന്തിയ പാടുകളും അകിടിന് മുറിവുമേറ്റിട്ടുണ്ട്. പശുവിനെ ആക്രമിച്ചത് പുലിയാണെന്ന സംശയത്തിലാണ് നാട്ടുകാര്‍.

അമ്പലവയലിലും വന്യമൃഗം വളര്‍ത്തുനായയെ ആക്രമിച്ചു കൊന്നു. പൊന്‍മുടിക്കോട്ടയിലെ കുറ്റിക്കാടന്‍ റെജിയുടെ വളര്‍ത്തുനായക്കാണ് ജീവന്‍ നഷ്ടമായത്. പുലിയാണ് വളര്‍ത്തുനായയെ ആക്രമിച്ചതെന്ന് റെജി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ജനല്‍ വഴി നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിക്കുന്നത് നേരില്‍ കണ്ടതെന്ന് റെജി പറഞ്ഞു. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയാണ്. മാസങ്ങളായി കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് പൊന്‍മുടിക്കോട്ട.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം