
കല്‍പ്പറ്റ: പുല്‍പ്പള്ളി ചീയമ്പം 73ല്‍ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എവിടെ വിടണമെന്ന കാര്യത്തില്‍ വനംവകുപ്പിന് ആശയക്കുഴപ്പമുണ്ടായതോടെ നാലുദിവസമായി ഇരുളത്തെ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് കൂട്ടില്‍തന്നെയായിരുന്നു കടുവ. വയനാട്ടില്‍ എവിടെ തുറന്നുവിട്ടാലും ജനരോഷം ഉണ്ടാകുമെന്നതിനാലാണ് ആശയക്കുഴപ്പമുണ്ടായത്. ഒടുവില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ചയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തിരുവനന്തപുരം മൃഗശാലയിലേക്കോ നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്കോ കടുവയെ കൊണ്ടുപോകുമെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. കടുവയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. പല്ലു പോയതിനാൽ ഇര തേടാൻ ബുദ്ധിമുട്ടുണ്ടെന്നും വനംവകുപ്പ് സീനിയർ വെറ്റിനററി സർജൻ വിശദമാക്കുന്നത്. അതിനാല്‍ സാധ്യത കൂടുതല്‍ മൃഗശാലയിലേക്ക് മാറ്റാനാണ്. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച കൂട്ടിലായതു മുതല്‍ കടുവയെ വിട്ടയക്കുന്ന കാര്യത്തില്‍ വകുപ്പിനുള്ളില്‍ ചര്‍ച്ചകളായിരുന്നു. ജനവാസമേഖലകളിലെ സ്ഥിരം സാന്നിധ്യമായ കടുവയെ തിരുവനന്തപുരം, തൃശ്ശൂര്‍ മൃഗശാലകളില്‍ എത്തിക്കാനായിരുന്നു തുടക്കം മുതല്‍ തന്നെയുള്ള ധാരണ. കടുവയെ കൊണ്ടുപോയതോടെ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി.
കഴിഞ്ഞ മൂന്ന് മാസമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചെതലയം റെയ്ഞ്ചിൽ വരുന്ന ചീയമ്പം 73 ആദിവാസി കോളനിയിലും, ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളിലും കടുവാ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനകം 12 വളർത്ത് മൃഗങ്ങളെ കടുവ കൊന്ന് തിന്നു. കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam