
മാനന്തവാടി: നാടിനെ വിറപ്പിച്ച, കഴുത്തില്‍ മുറിവേറ്റ കടുവ രംഗം ഒഴിഞ്ഞെന്ന് കരുതി ആശ്വാസിച്ച കുറുക്കന്‍മൂലയില്‍ ആശങ്കയുയര്‍ത്തി വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്തെ കാവേരിപ്പൊയില്‍ ഭാഗത്ത് വനത്തോട് ചേര്‍ന്ന ചെളി നിറഞ്ഞ ഭാഗത്താണ് കടുവകാല്‍പ്പാടുകള്‍ നാട്ടുകാര്‍ വീണ്ടും കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് എത്തി കാല്‍പ്പാടുകള്‍ പരിശോധന നടത്തി. എന്നാല്‍, പുതുതായി കണ്ടെത്തിയ കാല്‍പ്പാടുകള്‍ കഴിഞ്ഞ ഒരുമാസമായി നാട്ടുകാരെയും വനംവകുപ്പിനെയും ഒരു പോലെ വലച്ച കഴുത്തില്‍ മുറിവുള്ള കടുവയുടേതല്ലെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍.
മറ്റൊരു കടുവ പോകുന്ന ഭാഗത്താണ് കാല്‍പ്പാടുകളെന്നും ഇത് പഴയ കടുവയുടേതല്ലെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേ സമയം കടുവയുടെ സ്ഥിരം സഞ്ചാരപാതയാണിതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ പറയന്നു. ഈ കടുവ ഇതുവരെ ജനങ്ങളെയോ വളര്‍ത്ത് മൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസക്കാലം കുറുക്കന്‍ മൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ കാട്ടിലേക്ക് തിരികെ പോയെന്ന നിഗമനത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചിരിക്കെയാണ് പുതിയ കടുവയുടേതെന്ന് പറയുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
പഴയ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂടുകളും പ്രദേശത്ത് നിന്ന് എടുത്ത് മാറ്റിയിരുന്നു. മറ്റു കടുവകള്‍ അടക്കമുള്ള വന്യജീവികളെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൂടുകള്‍ മാറ്റിയത്. കഴിഞ്ഞ തവണ മുറിവേറ്റ കടുവയുടെ അക്രമണത്തില്‍ ഏതാണ്ട് 18 ഓളം വളര്‍ത്ത് മൃഗങ്ങളെ നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടു. കടുവയെ പിടിക്കാനായി കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടത് നാട്ടുകാരും വനം വകുപ്പും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. സമയം പ്രദേശത്താകെ ഇപ്പോഴും ക്യാമറ സ്ഥാപിച്ചുള്ള നിരീക്ഷണം തുടരുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക് : Wayanad Tiger Attack : സന്നാഹമൊരുക്കിയത് വിഫലമായി; കുറുക്കന്‍മൂലയിലെ കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam