മീനങ്ങാടി സി.സിയില്‍ കടുവയിറങ്ങി; ക്യാമറ പോര, കൂട് സ്ഥാപിച്ച് പിടികൂടണമെന്ന് നാട്ടുകാര്‍

By Web TeamFirst Published Jun 29, 2021, 5:13 PM IST
Highlights

ഇവിടുത്തെ സ്‌കൂളിന് സമീപത്തെ തോട്ടത്തില്‍ നിന്നും കടുവയുടെ അലര്‍ച്ച കേട്ടിരുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. സ്‌കൂളിന്റെ പിറകില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരം ശരിയാണെന്ന് കണ്ടെത്തിയതോടെ വിവിധ സ്പോട്ടുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണ് വനംവകുപ്പ്.
 

കല്‍പ്പറ്റ: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സി.സി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. എന്നാല്‍ ക്യാമറ മാത്രം മതിയാകില്ലെന്നും കൂട് വെച്ച് കടുവയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. ജനവാസമേഖലയായ സി.സിയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുവപ്പേടി നിലനില്‍ക്കുകയാണ്. ബീനാച്ചി-പനമരം പ്രധാനപാതയോട് ചേര്‍ന്നുള്ള പ്രദേശത്തേക്ക് സ്വകാര്യതോട്ടങ്ങളില്‍ നിന്നാണ് കടുവ എത്തിയതെന്നാണ് കരുതുന്നത്. പ്രദേശവാസിയായ പ്രസാദിന്റെ പറമ്പില്‍ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് എത്തി വിശദമായ പരിശോധന നടത്തിയത്. 

സമീപത്തെ ജയ എസ്റ്റേറ്റില്‍ നിന്നാണ് കടുവകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നതെന്നാണ് കരുതുന്നത്. അതിനിടെ ഇവിടുത്തെ സ്‌കൂളിന് സമീപത്തെ തോട്ടത്തില്‍ നിന്നും കടുവയുടെ അലര്‍ച്ച കേട്ടിരുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. സ്‌കൂളിന്റെ പിറകില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരം ശരിയാണെന്ന് കണ്ടെത്തിയതോടെ വിവിധ സ്പോട്ടുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണ് വനംവകുപ്പ്. 

കടുവയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിക്കുന്നു

പൊലീസിന്റെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. ഇരുട്ടുന്നതിന് മുമ്പ് വീടുകളിലെത്താനും സുരക്ഷിതമായ വാഹനങ്ങളില്‍ യാത്ര ചെയ്യാനും അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നല്‍കി. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്തര സാന്നിധ്യമുള്ളിടത്ത് വരുംദിവസങ്ങളില്‍ കൂട് സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!