വയനാട്; മീനങ്ങാടിയില്‍ പുലി ഇറങ്ങിയെന്ന് നാട്ടുകാര്‍; പ്രദേശം വനംവകുപ്പ് നിരീക്ഷണത്തില്‍

By Web TeamFirst Published Jun 2, 2021, 8:28 PM IST
Highlights

ജനവാസ മേഖലയില്‍ പുലിയിറങ്ങിയെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. കല്ലഞ്ചിറ, ആവുവയല്‍ക്കുന്ന്, കരണി, താഴെകരണി, പനമരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.  


കല്‍പ്പറ്റ: പച്ചിലക്കാട് മീനങ്ങാടി റൂട്ടില്‍ കരണി, കലഞ്ചിറ പ്രദേശങ്ങളിലെ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്കായി എത്തിയത്. സ്ഥലത്ത് പരിഷശോധന നടത്തിയെങ്കിലും പുലിയിറങ്ങി എന്നതിന് വ്യക്തമായ തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടില്ല. 

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് നാട്ടുകാരില്‍ ചിലര്‍ പുലിയെ കണ്ടതായി പറയുന്നത്. അന്ന് തന്നെ വനംവകുപ്പും പഞ്ചായത്ത് അധികൃതരും നാട്ടുകാരുമടക്കം പ്രദേശത്ത് പരിശോധന നടത്തിയിരുന്നെങ്കിലും സംശയാസ്പതമായി ഒന്നും  കണ്ടെത്താനായില്ല. പിന്നീട് ചൊവ്വാഴ്ച പുലര്‍ച്ചെ കരണിക്കുന്ന് നാലുസെന്‍റ് കോളനിക്ക് സമീപം വീണ്ടും പുലിയെ കണ്ടതായി കോളനിവാസികള്‍ ചിലര്‍ പറഞ്ഞു. വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്ന് വനപാലകരെത്തി പ്രദേശത്താകെ പരിശോധന നടത്തി. കല്ലഞ്ചിറ, ആവുവയല്‍ക്കുന്ന്, കരണി, താഴെകരണി എന്നീ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും പുലിയയുടെ കാല്‍പ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായില്ല. 

ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും ഇത് പുലിയുടേതല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പകല്‍ മൂന്ന് മണിവരെ പ്രദേശത്ത് കാട് പിടിച്ചു കിടന്ന തോട്ടങ്ങളിലും മറ്റും തിരഞ്ഞെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. എന്നാല്‍ പുലിയെ കണ്ടെന്ന് നാട്ടുകാരും പറയുന്നു. വെള്ളിയാഴ്ച മുതല്‍ പ്രദേശത്ത് പുലിയെ കണ്ടെന്ന് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും കുറിപ്പുകളിട്ടു. സ്വകാര്യബസ് ഡ്രൈവര്‍ ആയ ആവുവയല്‍കുന്നിലെ അന്നേക്കാട്ട് കെ.വി. എല്‍ദോസ് ഞായറാഴ്ച, വീടിന് പുറത്ത് പുലിയെ കണ്ടതായി പറഞ്ഞു. മണിക്കൂറിന്‍റെ വ്യത്യാസത്തില്‍ മറ്റൊരു പ്രദേശത്തും പുലിയിറങ്ങിയെന്ന് നാട്ടുകാര്‍ അറിയിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.

 

 

 

 

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.

click me!