
വയനാട്: പെരിക്കല്ലൂരില്‍ രാത്രിയില്‍ ജനവാസ കേന്ദ്രങ്ങളിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. കർണാടകയില്‍ നിന്നും കബനി കടന്നെത്തുന്ന കടുവയെ പേടിച്ച് പെരിക്കല്ലൂര്‍ മരക്കടവ് ഗ്രാമങ്ങളിലെ 200ലധികം കുടുബങ്ങള്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ്. കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.
കേരളാ കർണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ മരകടവ് ഗ്രാമങ്ങളില്‍ നാലുമാസത്തിനിടെ നിരവധി തവണയാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ കടുവയെ രണ്ടുമാസം മുന്പ് കര്‍ണാടകയില്‍ വനംവകുപ്പ് പിടികൂടിയതോടെ ആശ്വാസത്തിലായിരുന്നു ഗ്രാമവാസികള്‍. എന്നാല്‍, മൂന്നു ദിവസം മുന്പ് വീണ്ടും വളർത്ത് മൃഗങ്ങളെ അക്രമിച്ചു. ആക്രമിച്ചത് കര്‍ണാടകയിലെ നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ നിന്നുമെത്തിയ കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രിയില്‍ കബനി കടന്നെത്തുന്നുവെന്നാണ് സൂചന. ഇതോടെ ഭീതിയിലാണ് ഇരു ഗ്രാമങ്ങളും
കടുവയെ പിടികൂടിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതെസമയം കബനി കടന്നെത്തിയാല്‍ പിടികൂടാനുള്ള സജ്ജീകരണങ്ങള്‍ തയാറെന്നാണ് വനപാലകരുടെ വിശദീകരണം. കബനിയുടെ തീരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂട് വെക്കുമെന്നും വനവകുപ്പ് വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam