മൊബൈൽ ഫോൺ സമ്മാനം കിട്ടാൻ 4000 രൂപ നൽകി, പോസ്റ്റ് ഓഫീസ് വഴി വന്നത് ബെൽറ്റും പേഴ്സും

Published : Feb 03, 2022, 09:59 PM IST
മൊബൈൽ ഫോൺ സമ്മാനം കിട്ടാൻ 4000 രൂപ നൽകി, പോസ്റ്റ് ഓഫീസ് വഴി വന്നത് ബെൽറ്റും പേഴ്സും

Synopsis

മൊബൈല്‍ ഫോണ്‍ എന്ന വ്യാജേന ബിനീഷിൽ നിന്ന് പണം തട്ടിയ സംഘം പകരം അയച്ചത് പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന, വിലകുറഞ്ഞ ബെല്‍റ്റും പേഴ്സുമായിരുന്നു

ഇടുക്കി: സ്വകാര്യ മൊബൈല്‍ സേവനദാതാവിന്റെ (Mobile Service Provider) പേരില്‍ തട്ടിപ്പ് (Fraud) നടത്തുന്ന സംഘം യുവാവിൽ നിന്ന് തട്ടിയത് 4000 രൂപ. പോസ്റ്റ് ഓഫീസ് വഴി സമ്മാനമായി മൊബൈൽ ഫോൺ (Mobile Phone) എത്തുമെന്നും ഇതിന് 4000 രൂപ അടയ്ക്കണമെന്നുമായിരുന്നു സ്വകാര്യ മൊബൈല്‍ സേവനദാതാവിന്റെ പേരില്‍ വന്ന ഫോണിൽ അറിയിച്ചത്. ഇതുപ്രകാരം പണമടച്ച് പോസ്റ്റ് ഓഫീസിൽ നിന്ന് പാക്കറ്റ് കൈപ്പറ്റി തുറന്ന് നോക്കിയപ്പോൾ നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശിയായ നെടുമ്പള്ളില്‍ ബിനീഷ് മോഹൻ ശരിക്കും ഞെട്ടി. 

മൊബൈല്‍ ഫോണ്‍ എന്ന വ്യാജേന ബിനീഷിൽ നിന്ന് പണം തട്ടിയ സംഘം പകരം അയച്ചത് പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന, വിലകുറഞ്ഞ ബെല്‍റ്റും പേഴ്സുമായിരുന്നു. സംഭവത്തില്‍ യുവാവ് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജനുവരി 18-നാണ് സ്വകാര്യ മൊബൈല്‍ സേവനദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന പേരില്‍ ബിനീഷിന്റെ ഫോണിലേക്ക് വിളിവന്നത്. മറ്റൊരു സ്വകാര്യ കമ്പനിയുമായി ലയിച്ചതിനെത്തുടര്‍ന്ന് നിലവിലില്ലാത്ത കമ്പനിയുടെ പേരിലാണ് കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ സംസാരിച്ചത്. 

മലയാളത്തില്‍ ഒഴുക്കോടെ സംസാരിച്ച സ്ത്രീ കോട്ടയത്ത് നിന്നാണ് വിളിക്കുന്നതെന്നും അറിയിച്ചു. ഈ കമ്പനിയുടെ സിം കാര്‍ഡാണ് ബിനീഷ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. ബിനീഷിനെ കമ്പനിയുടെ മികച്ച ഉപഭോക്താവായി തിരഞ്ഞെടുത്തിരിക്കുന്നെന്നും സമ്മാനമായി മൊബൈല്‍ ഫോണ്‍ അയച്ച് നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ താന്‍ നിലവില്‍ കൊവിഡ് ബാധാച്ച് ക്വാറന്റൈനിലാണെന്നും, സമ്മാനം കൈപ്പറ്റാന്‍ താത്പര്യമില്ലെന്നും ബിനീഷ് പറഞ്ഞു. 

എന്നാല്‍ പോസ്റ്റോഫീസ് വഴി സമ്മാനം എത്താന്‍ 12 ദിവസത്തെ താമസമുണ്ടെന്നും, അപ്പോള്‍ നേരിട്ട് ചെന്ന് കൈപ്പറ്റിയാല്‍ മതിയെന്നും സ്ത്രീ പറഞ്ഞു. അയക്കേണ്ട ഫോണിന്റെ നിറം, മെമ്മറി എന്നിവ തിരക്കിക്കൊണ്ട് തൊട്ടടുത്ത ദിവസവും ഇതേ സ്ത്രീ വിളിച്ചിരുന്നതായി ബിനീഷ് പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നെടുങ്കണ്ടം പോസ്റ്റോഫീസില്‍ നിന്നും പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും 4000 രൂപ അടച്ച് പൊതി കൈപ്പറ്റാമെന്നും ബിനീഷിനെ അറിയിച്ചു. ബുധനാഴ്ച തുകയുമായി എത്തി പൊതി കൈപ്പറ്റി പോസ്റ്റോഫീസില്‍ നിന്നുതന്നെ പൊട്ടിച്ച് നോക്കിയപ്പോഴാണ് ഫോണിന് പകരം ലഭിച്ചിരിക്കുന്നത് പുരുഷന്‍മാര്‍ക്കുള്ള വിലകുറഞ്ഞ ബെല്‍റ്റും പേഴ്സുമാണെന്ന് മനസിലായത്. തുടര്‍ന്ന് ബിനീഷ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം: മന്ത്രി വി ശിവൻകുട്ടി
ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്