Tomato Fever : കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ഓഫിസർ

By Web TeamFirst Published Jun 28, 2022, 11:17 PM IST
Highlights

കുട്ടികൾക്ക് പനിയും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടർന്ന് പ്രധാന അധ്യാപിക ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിലാണ് ഇവർക്ക് തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്

ഇടുക്കി: നെടുങ്കണ്ടം കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. എൽ കെ ജി, യു കെ ജി ക്ലാസിലെ കുട്ടികൾക്കാണ് തക്കാളി പനി പിടിപെട്ടത്. കുട്ടികൾക്ക് പനിയും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടർന്ന് പ്രധാന അധ്യാപിക ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിലാണ് ഇവർക്ക് തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

ഇടുക്കിയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍

എൽ കെ ജി വിഭാഗത്തിലെ 14 കുട്ടികൾക്കും, യു കെ ജി വിഭാഗത്തിലെ ആറ് കുട്ടികൾക്കുമാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും, ആറുപേർ പാമ്പാടുംപാറ പഞ്ചായത്തിലെയും മൂന്ന് പേർ കരുണാപുരം പഞ്ചയത്തിലേയും താമസക്കാരാണ്. രോഗികളായ കുട്ടികൾ പഠിച്ചിരുന്ന മൂന്ന് ഡിവിഷനുകൾക്ക് മൂന്നു ദിവസത്തേക്ക് അവധി നൽകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

തിരുവനന്തപുരത്ത് നാല് കുട്ടികൾക്ക് തക്കാളിപ്പനി; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌ എഫ്‌ എം ഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് കാരണം. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

click me!