
തിരുവനന്തപുരം: കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ കേന്ദ്രം ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാര്‍ക്കിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് പുതിയ തുടക്കമാണെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറ്റിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശംഖുംമുഖം അര്‍ബന്‍ ബീച്ച് ഡെവലപ്പ്‌മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തില്‍ രണ്ട് കോടിയുമാണ് ഡെസ്റ്റിനേഷന്‍ കേന്ദ്രത്തിന് വിനിയോഗിച്ചത്. ഓഗ്മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് സോണ്‍, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കും. നവംബര്‍ 30ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രത്തില്‍ ആദ്യ വിവാഹം നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തിയുള്ള മെനുവും ഒരുക്കും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.
ചടങ്ങില്‍ എ.എ റഹിം എം.പി വിശിഷ്ടാതിഥിയായി. ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ ക്ലൈനസ് റൊസാരിയോ, ശംഖുംമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫിന്‍ ഫ്രെഡി, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കേരള ബാങ്ക് ഭരണസമിതിയിലെ ലീഗ് പങ്കാളിത്തം; ലീഗുമായി സംസാരിച്ചു, ആശയക്കുഴപ്പമില്ലെന്ന് എംഎം ഹസ്സൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam