കൈനകരി കായലിലെത്തിയ ടൂറിസ്റ്റുകൾ, വള്ളത്തിൽ സവാരി നടത്തി തിരിച്ചെത്തിയപ്പോൾ ജെട്ടിയിൽ മറന്ന ബാഗിലെ ഡയമണ്ട് മോതിരമടക്കം കാണാനില്ല; പ്രതി പിടിയിൽ

Published : Oct 13, 2025, 10:56 PM IST
kerala police arrest

Synopsis

കൈനകരി കായലിൽ കനോയിങ് വള്ളത്തിൽ സവാരി നടത്തിയ ഹരിയാന സ്വദേശിയായ ടൂറിസ്റ്റിന്റെ ബാഗിൽനിന്ന് 2 ലക്ഷം രൂപയിലേറെ വിലവരുന്ന ഡയമണ്ട് മോതിരവും 60,000 രൂപയുമാണ് മോഷണം പോയത്

ആലപ്പുഴ: കായൽ ടൂറിസത്തിനെ ആശങ്കയിലാഴ്ത്തിയ മോഷണക്കേസിൽ ദിവസങ്ങൾക്കകം പ്രതിയെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൈനകരി കായലിൽ കനോയിങ് വള്ളത്തിൽ സവാരി നടത്തിയ ഹരിയാന സ്വദേശിയായ ടൂറിസ്റ്റിന്റെ ബാഗിൽനിന്ന് 2 ലക്ഷം രൂപയിലേറെ വിലവരുന്ന ഡയമണ്ട് മോതിരവും 60,000 രൂപയുമാണ് മോഷണം പോയത്. മോഷണം നടന്നതായി പരാതി ലഭിച്ച് ദിവസങ്ങൾക്കകം മോഷണം പോയ മുതലുകളിൽ ഡയമണ്ട് മോതിരവും 45,000 രൂപയും കണ്ടെത്തിയ പൊലീസ്, കൈനകരി സ്വദേശിയായ അജീവിനെ (49) ആണ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റുകളെ കായലിലൂടെ തുഴച്ചിലിന് കൊണ്ടുപോയിരുന്ന ആളാണ് ഇയാൾ.

നിർണായകമായത് സച്ചിൻ എന്ന പൊലീസ് നായ

കഴിഞ്ഞ ഒക്ടോബർ 8 ന് രാവിലെ കൈനകരി ഇ എം എസ് ജെട്ടിയിൽ മറന്നുവെച്ച ബാഗാണ് മോഷണത്തിന് ഇരയായത്. ബാഗ് തിരികെ ലഭിച്ചെങ്കിലും അതിലുണ്ടായിരുന്ന ഡയമണ്ട് മോതിരവും പണവും നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ടൂറിസ്റ്റുകൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി ജി സജികുമാറും സംഘവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയിക്കപ്പെട്ടവരുടെ വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും മുതലുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 11-ാം തീയതി രാവിലെ ഏജന്റിന്റെ കനോയിങ് വള്ളത്തിൽ ഒളിപ്പിച്ച നിലയിൽ മോഷ്ടിച്ച മുതലുകൾ കണ്ടെത്തി. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിലെ സച്ചിൻ എന്ന പൊലീസ് നായ മോഷണമുതലുകൾ അടങ്ങിയ പൊതിയിൽനിന്ന് മണം പിടിച്ച് പ്രതിയുടെ വീടിനു സമീപം കൃത്യമായി സഞ്ചരിച്ചെത്തിയത് കേസിൽ നിർണ്ണായകമായി.

കുറ്റം സമ്മതിച്ചു

അന്വേഷണത്തിനൊടുവിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അജീവ് കുറ്റം സമ്മതിച്ചു. മറ്റൊരു ഏജന്റ് ഏല്പിച്ച ബാഗിൽനിന്ന് താൻ പണവും മോതിരവും മോഷ്ടിച്ച് ഒളിപ്പിച്ചതായും, പിടിക്കപ്പെടുമെന്ന ഭയം കാരണം പിന്നീട് മോഷണമുതലുകൾ ഏജന്റിന്റെ വള്ളത്തിൽ ഉപേക്ഷിച്ചതായും പ്രതി മൊഴി നൽകി. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ എൻ രാജേഷിന്റെയും പുളിങ്കുന്ന് എസ് എച്ച് ഒ. കെ ബി ആനന്ദബാബുവിന്റെയും മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ സി ജി സജികുമാർ, എ എസ് ഐ മാരായ സജിത്ത് കുമാർ, ജലജാകുമാരി, സി പി ഒ മാരായ മിഥുൻ, സിജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി