ലോക്ക്ഡൗണിൽ 'ലോക്കായി': ബംഗാളിൽ കുടുങ്ങി കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ

By Web TeamFirst Published May 10, 2021, 10:11 AM IST
Highlights

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പോയ 300 ഓളം ബസുകളാണ് അസം, ബംഗാൾ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. 

മലപ്പുറം: ഇതര സംസ്ഥാനത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ടൂറിസ്റ്റ് ബസുകൾ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചെത്താനാകാതെ ദുരിതത്തിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പോയ 300 ഓളം ബസുകളാണ് അസം, ബംഗാൾ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഏജന്റ് വഴി ഇവിടെങ്ങളിലേക്ക് തൊഴിലാളികളുമായി പോയ ബസുകളാണ്ഇ ഇവ.

തിരിച്ച് വരാൻ യാത്രക്കാരില്ലാത്തതാണ് ഇവർക്ക് ദുരിതമായിരിക്കുന്നത്. ഒരു മാസത്തോളമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. അണ്ടോട്ട് ആളുകളുമായി പോകുന്നവർക്ക് തിരിച്ച് കേരളത്തിലേക്കും യാത്രക്കാരെ തരപ്പെടുത്തി തരുമെന്ന ഏജൻസികളുടെ വാക്കിൽ വിശ്വാസിച്ചാണ് ഏറിയ ബസുകളും യാത്ര പുറപ്പെട്ടത്. എന്നാൽ കേരളത്തിൽ കൊവിഡ് രൂക്ഷമായതോടെ തൊഴിലാളികളും മറ്റ് യാത്രക്കാരും ഇല്ലാതായതോടെ ഇവർ വലയുകയായിരുന്നു. 

ഓരോ ബസുകളിലും രണ്ട് ജീവനക്കാർ വരെയുണ്ട്. ഇവരുടെ നിത്യ ചെലവിനായി വലിയ തുക വേണ്ടി വരുന്നത് അതിലേറെ പ്രയാസമായിട്ടുണ്ട്. ആളില്ലാതെ തിരിച്ചു വരുന്നത് വൻ നഷ്ടത്തിന് കാരണമാകുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. 50,000 രൂപയുടെ ഇന്ധനം തന്നെ ഇതിനായി വേണമെന്നും ബസ് ഉടമകൾ പറയുന്നു. കൊവിഡിന്റെ ദുരിതത്തിൽ ഏറെ കാലം കട്ടപ്പുറത്തായിരുന്ന ടൂറിസ്റ്റ് ബസുകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഓടിത്തുടങ്ങിയത്. അതിനിടയിലാണ് വീണ്ടും ദുരിതം ഇവരെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!