'പടയപ്പ'യെകൊണ്ട് പൊറുതിമുട്ടി വ്യാപാരികൾ; മാട്ടുപ്പെട്ടിയിലെത്തി തകർത്തത് നിരവധി കടകൾ

By Web TeamFirst Published Jan 21, 2023, 6:36 PM IST
Highlights

ഇത് ആറാമത്തെ പ്രാവശ്യമാണ് പടയപ്പ കട തകർക്കുന്നത്. എന്നാൽ ഒരു പ്രാവശ്യം പോലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യറായിട്ടില്ല. 

മൂന്നാർ:  വിവിധ എസ്റ്റേറ്റുകളിൽ സ്ഥിരം സന്ദർശകനായ പടയപ്പ എന്ന ആന ഒരാഴ്ചക്കിടെ അഞ്ചോളം വാഹനങ്ങളാണ്  തകർത്തത്. വഴിയോരങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളും ലയങ്ങളുടെ സമീപത്ത് നിർത്തിയിട്ട വാഹനങ്ങളുമാണ് ആക്രമിച്ച് തകർത്തതിൽ അധികവും. ഇതുകൂടാതെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുകയും പശുക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഇതിനെല്ലാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിൽ ഓരോ ദിവസവും നിരവധി അപേക്ഷകളാണ് എത്തുന്നത്. 

ഇതിനിടെ ഇന്ന് പുലർച്ചെ മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്തെത്തിയ  കാട്ടാന പതിനൊന്നോളം പെട്ടിക്കടകളാണ് തകർത്ത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമകൾ പറയുന്നത്. ആന്റണി സോമി, ടെൻസിംങ്ങ്, ബാൽരാജ്, ജൂലിൽ കുമാർ, മണി, മുരുകരാജ, അരുൺ, നാഗേന്ദ്രൻ, സെൽവമേരി , വേൽമുരുകൻ, വർഗീസ് എന്നിവരുടെ കടകളാണ് തകർത്തത്. ഇത് ആറാമത്തെ പ്രാവശ്യമാണ് പടയപ്പ കട തകർക്കുന്നത്. എന്നാൽ ഒരു പ്രാവശ്യം പോലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യറായിട്ടില്ല. 

കടയുടമകൾക്ക് നഷ്ടപരിഹാരം നൽകി ആനയെ കാടുകയറ്റാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജീനറ്റ് സ്കറിയ കോശി, ഏരിയ സെക്രട്ടറി ലെനിൻ സോമൻ എന്നിവർ  ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മൂന്നാർ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകും. പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യറായില്ലെങ്കിൽ എക്കോ പോയിന്റിലെ വനം വകുപ്പ് എയ്ഡ് പോസ്റ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ജനങ്ങള്‍ക്ക് ഏറെ പരിചിതനായ കാട്ടാനയാണ് പടയപ്പ. മൂന്നാറിന്‍റെ ജനവാസ കേന്ദ്രങ്ങളില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. രജനീകാന്ത് നായകനായ പടയപ്പ എന്ന സിനിമ ഇറങ്ങിയ സമയത്താണ് ആദ്യമായി പടയപ്പ കാടിറങ്ങിവരുന്നത്. അന്ന് കുട്ടിയാനയായിരുന്നു. ആ സിനിമയിലെ പാട്ടുകള്‍ക്കനുസരിച്ച് കുട്ടിയാന തലയാട്ടിത്തുടങ്ങിയതോടെയാണ് അവന് പടയപ്പയെന്ന് പേര് വീണത്.

Read Also: പടയപ്പയെ പ്രകോപിപ്പിച്ചതിന് കേസ്; വനം വകുപ്പിന്‍റെ വാഹനങ്ങള്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി

click me!