വർക്കലയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മർദ്ദിച്ചു, പ്രതിയെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Jan 21, 2023, 4:21 PM IST
Highlights

വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദ്ദനം.

തിരുവനന്തപുരം: വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദ്ദനം. അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്. പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചിൽ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറിൽ പിടിച്ചുവലിച്ച്  കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. മാന്തറയിൽ അടിപിടിയുണ്ടായ പ്രദേശത്തേക്ക് പോകുന്ന വഴിക്കാണ് മകൻ കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്. 

ഷൈജുവിന്‍റെ വീട്ടിലെത്തിയ പൊലീസ് അമ്മയെ ഉപദ്രവിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതിന്‍റെ വിരോധത്തിലാണ് പിന്നാലെയെത്തിയ പ്രതി ഇടവയിൽ നിന്ന് കാപ്പിൽ ഹൈസ്‍കൂളിലേക്ക് പോകുന്ന വഴിയിൽ റോഡ‍ിൽവച്ച് ആക്രമിച്ചത്. കുടുംബകാര്യത്തിൽ ഇടപെടാൻ നീയാരാടാ എന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തിയായിരുന്നു മർദ്ദനം. ഇന്നലെ രാത്രി ഒന്പതിന് ആയിരുന്നു സംഭവം. 

Read more:  മലപ്പുറത്ത് കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നിലവിളക്കിൽ നിന്ന് തീപടർന്നു - വീഡിയോ

അതേസമയം, ഹരിപ്പാട്  കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് ആഭരണവും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയായ ഹോം നഴ്‌സ് പിടയില്‍. മോഷണം നടന്ന് 10 മാസത്തിനുശേഷമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ കളവുപോയത്. 

2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ സാവിത്രി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാവിത്രിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. 

click me!