താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് തുടർകഥ; ഒരാഴ്ചയില്‍ ഗതാഗതം തടസപ്പെട്ടത് 20 തവണ

Published : Dec 29, 2022, 03:27 AM IST
താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് തുടർകഥ; ഒരാഴ്ചയില്‍ ഗതാഗതം തടസപ്പെട്ടത് 20 തവണ

Synopsis

ഒരാഴ്ചക്കുള്ളിൽ ഇരുപതിലധികം തവണ   ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരത്തിലനുഭവപ്പെട്ടത്. ഗതാഗത കുരുക്കിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളമാണ് യാത്രക്കാർ പെരുവഴിയിലാവുന്നത്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കേടായതിനെ തുടർന്ന് ഇന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്.  ബുധനാഴ്ച രാവിലെ മുതൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു. രാവിലെ എഴുമണിയോടെ ഏഴാം വളവിൽ ടൂറിസ്റ്റ് ബസും എട്ടരയോടെ ഒമ്പതാം വളവിൽ ടോറസ് ലോറിയും എട്ടേമുക്കാലോടെ നാലാം വളവിലും അഞ്ചാം വളവിനുമിടയിൽ കെ എസ് ആർ ടി സി വോൾവോ ബസുമാണ് കുടുങ്ങിയത്. ഇതേ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടെങ്കിലും മിനുറ്റുകൾക്കകം ചുരം പാതയിൽ ഇരു ഭാഗങ്ങളിലായി വാഹനങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു.

കേടായ വാഹനങ്ങൾ നീക്കിയെങ്കിലും ചുരത്തിൽ പലയിടങ്ങളിലായി ലോറി , പിക്കപ്പ് വാഹനങ്ങൾ കേടായി കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി. ഹൈവേ പൊലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ഏറെ പണി പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. രണ്ടര മണിയോടെ ഏറെക്കുറെ ഗതാഗതം പുനസ്ഥാപിക്കാനായത്. വൈകീട്ട് 5 മണിയോടെ ഏഴാം വളവിൽ പതിനാറ് ചക്ര ലോറി കുടുങ്ങിയതിനെ തുടർന്ന് വീണ്ടും ചുരത്തിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. രാത്രി ഏറെ വൈകിയും ഗതാഗതതടസം നീക്കാനായില്ല.

ഒരാഴ്ചക്കുള്ളിൽ ഇരുപതിലധികം തവണ   ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരത്തിലനുഭവപ്പെട്ടത്. ആശങ്കയിലാണ് മിക്ക  യാത്രക്കാരും ചുരം വഴി യാത്ര ചെയ്യുന്നത്. ഗതാഗത കുരുക്കിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളമാണ് യാത്രക്കാർ പെരുവഴിയിലാവുന്നത്. ക്രിസ്മസ് പുതുവത്സര അവധിയുടെയും ആഘോഷത്തിൻറെയും ഭാഗമായി ചുരത്തിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് പായുന്ന ആംബുലന്‍സുകള്‍ പോലും വാഹനത്തിരക്കില്‍ കുടുങ്ങുന്നത് നിത്യസംഭവമായി മാറുന്ന കാഴ്ചയും ചുരത്തിലുണ്ട്. 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ