
കല്‍പ്പറ്റ: വയനാടിന്‍റെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാഹിത്യോത്സവത്തിന് ഇന്ന് മാനന്തവാടി ദ്വാരകയില്‍ തുടക്കമാവും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി രാവിലെ 9.30ന് ജുഗല്‍ബന്ദിയും സാഹിത്യ ക്വിസും നടക്കും. നാല് വേദികളിലായാണ് മൂന്ന് ദിവസങ്ങളിലായി സാഹിത്യോത്സവവും ഫിലിംഫെസ്റ്റിവലും ഫുഡ്‌ഫെസ്റ്റും നടക്കുന്നത്. പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍, സക്കറിയ, കെ.ആര്‍ മീര, കല്‍പ്പറ്റ നാരായണന്‍, മധുപാല്‍, റഫീഖ് അഹമ്മദ് തുടങ്ങി അമ്പതോളം സാഹിത്യകാരന്മാരാണ് സാഹിത്യോത്സവത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്.
ചെറുവയല്‍ രാമന്റെ നേതൃത്വത്തില്‍ കബനി നദിക്കരയിലൂടെ നടത്തുന്ന 'ഹെറിറ്റേജ് വാക്ക്' ഡബ്ല്യു.എല്‍.എഫിന്റെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാവേലി മണ്‍റം, നെല്ല്, കബനി, ആഴി എന്നിങ്ങനെ നാലു വേദികളിലായാണ് മൂന്ന് ദിവസങ്ങളില്‍ പരിപാടി നടക്കുക. നഗരപ്രദേശങ്ങളില്‍ മാത്രം സംഘടിപ്പിക്കപ്പെടുന്ന ലിറ്ററേച്ചര്‍ഫെസ്റ്റ് ആദ്യമായാണ് വയനാട്ടിലെ ഗ്രാമപഞ്ചായത്തില്‍ നടത്തപ്പെടുന്നതെന്ന പ്രത്യേകത കൂടി ഡബ്ല്യു.എല്‍.എഫിനുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചുള്ള ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍, അള്‍ജീരിയ, ലബനാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ സംവിധായകരുടെ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും.
സംഗീത സംവിധായകന്‍ അലക്‌സ് എം പോള്‍ സംവിധാനം ചെയ്യുന്ന ട്രൈബല്‍ ബാന്‍ഡ്, ചലച്ചിത്ര താരം അനാര്‍ക്കലി മരക്കാറുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക് ബാന്‍ഡ് എന്നിവ രണ്ടു ദിവസങ്ങളിലായി അരങ്ങേറും. പരിപാടികളില്‍ നാട്ടുകാര്‍ക്ക് സൗജന്യമായി പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുള്ളതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ ജോസ് അറിയിച്ചു.