കുതിരാന്‍ കുരുക്കി; 5 കിലോമീറ്റര്‍ അകലെയുള്ള വിവാഹസദ്യയുമായി സഞ്ചരിക്കേണ്ടി വന്നത് 68 കിലോമീറ്റര്‍

By Web TeamFirst Published Feb 7, 2021, 12:45 PM IST
Highlights

അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള വിവാഹ വീട്ടിലേക്ക് സദ്യയുമായി എത്താനായി കാറ്ററിംഗ് സര്‍വ്വീസുകാര്‍ക്ക് വേണ്ടി വന്നത് അഞ്ച് മണിക്കൂറാണ്. വിരുന്നുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിക്കാന്‍ പലവഴികളിലൂടെയായി വാന്‍ സഞ്ചരിച്ചത് 68 കിലോമീറ്ററാണ്. 

മണ്ണൂത്തി: അഞ്ച് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ സാധാരണ ഗതിയില്‍ എത്രസമയം വേണം? അഞ്ച് മണിക്കൂര്‍ വരെയാകാമെന്നാണ് കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയവര്‍ക്ക് പറയാനുണ്ടാകുക. കഴിഞ്ഞ ദിവസം അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള വിവാഹ വീട്ടിലേക്ക് സദ്യയുമായി എത്താനായി കാറ്ററിംഗ് സര്‍വ്വീസുകാര്‍ക്ക് വേണ്ടി വന്നത് അഞ്ച് മണിക്കൂറാണ്. വിരുന്നുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിക്കാന്‍ പലവഴികളിലൂടെയായി വാന്‍ സഞ്ചരിച്ചത് 68 കിലോമീറ്ററാണ്.

വിവാഹ സദ്യയെത്തുമോയെന്ന ആശങ്കയില്‍ വീട്ടുകാരും വിരുന്നുകാരും ആശങ്കയില്‍ കഴിഞ്ഞത് മൂന്ന് മണിക്കൂറാണ്.തൃശൂര്‍ പാണഞ്ചേരിയിലെ പവിത്രം കാറ്ററിംഗ് സര്‍വ്വീസിനെ വിവാഹസദ്യ ഏല്‍പ്പിക്കുമ്പോള്‍ കുതിരാന്‍ ഇത്തരമൊരു വെല്ലുവിളിയാവുമെന്ന് വീട്ടുകാര്‍ വിചാരിച്ച് കാണില്ല. വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് സദ്യയുമായി വാന്‍ ദേശീയപാതയില്‍ കുടുങ്ങിയത്. രാവിലെ 9 മണിക്ക് ശേഷമാണ് മുഹൂര്‍ത്തമെന്നതിനാല്‍ 10 മണിക്ക് ഭക്ഷണമെത്തിക്കാമെന്നായിരുന്നു കാറ്ററിംഗ് സര്‍വ്വീസ് ഏറ്റത്. പതിനൊന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയാവുമെങ്കിലും ഗതാഗതക്കുരുക്ക് മുന്‍കൂട്ടിക്കണ്ട് എട്ട് മണിക്ക് തന്നെ സദ്യയുമായി പുറപ്പെട്ടു.

എന്നാല്‍ വിവാഹവീടിന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള വഴുക്കുംപാറയില്‍ എത്തിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുകയായിരുന്നു. സദ്യ വൈകാതിരിക്കാന്‍ ചേലക്കര വഴി പോകാന്‍ കാറ്ററിംഗ് സര്‍വ്വീസ് ജീവനക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് മണ്ണൂത്തിയിലേക്ക് തിരിച്ചുപോയി മുടിക്കോട്. ചിറക്കാക്കോട്, വടക്കാഞ്ചരി, ചേലക്കര, എളനാട് വഴി 68 കിലോമീറ്ററിലേറെ ദൂരം പിന്നിട്ട് വാന്‍ വിവാഹവീട്ടിലെത്തിയത് ഉച്ചയ്ക്ക് ഒരുമണിക്ക്. വെള്ളിയാഴ്ച രാത്രിയില്‍ ചരക്കുലോറി മറിഞ്ഞത് മൂലമായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായത്. 

click me!