
തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് പിഴയിട്ട ട്രാഫിക് പോലീസിൻ്റെ നടപടിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ഏപ്രിൽ 4- ന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനിൽ ആർ എസ് അനിക്ക് ട്രാഫിക് പൊലീസിൽ നിന്നും പിഴയുടെ വിവരം മൊബൈൽ ഫോണിൽ എസ് എം എസ് ലഭിച്ചത്. ശാസ്തമംഗലം- പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം. എന്നാൽ ഏപ്രിൽ 4-ന് താൻ വീട്ടിൽ തന്നെയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
പിഴക്ക് ആധാരമായ ചിത്രത്തിൽ മറ്റൊരു നിറത്തിലുള്ള, മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. പടത്തിലെ ഹോണ്ട ആക്റ്റീവ സ്കൂട്ടറിൻ്റെ നമ്പർ വ്യക്തമല്ല.. സിറ്റി പോലീസ് കമ്മീഷണർക്കും ഡി സി പി ക്കക്കും പരാതി നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ല. തെറ്റായ ചെല്ലാൻ റദ്ദാക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.
Read more: 'യാത്ര മുടങ്ങിയത് സജി ചെറിയാന്‍റെ പിടിപ്പുകേട് മൂലം': കാരണമുണ്ടെന്ന് വി മുരളീധരന്‍
അതേസമയം, ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനമായി. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിരുന്നു. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം.