ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൃതദേഹം എന്‍ജിനില്‍ കുടുങ്ങി; ഇതറിയാതെ താണ്ടിയത് കിലോമീറ്ററുകള്‍

By Web TeamFirst Published Aug 10, 2021, 1:28 PM IST
Highlights

ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് വീണ മൊയ്തീന്‍കുട്ടി എന്‍ജിന്‍ മുന്നിലെ കൊളുത്തില്‍ കുടുങ്ങുകയായിരുന്നു. ഇതറിയാതെ ട്രെയിന്‍ മുന്നോട്ട് പോവുകയായിരുന്നു. 

ട്രെയിനിടിച്ചയാളുടെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 14 കിലോമീറ്റര്‍. അടച്ചിട്ട ലെവല്‍ ക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് മഞ്ചേശ്വരം ഹൊസങ്കടി കജയിലെ മൊയ്തീന്‍കുട്ടിയെ തീവണ്ടി തട്ടിയത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. മംഗളൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് വീണ മൊയ്തീന്‍കുട്ടി എന്‍ജിന്‍ മുന്നിലെ കൊളുത്തില്‍ കുടുങ്ങുകയായിരുന്നു.

ഇതറിയാതെ ട്രെയിന്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഹൊസങ്കടിയിലെ ഗേറ്റ്മാന്‍ ഈ കാഴ്ച കണ്ട് തൊട്ടടുത്ത ഉപ്പള ഗേറ്റില്‍ വിവരം അറിയിച്ചു. ഉപ്പള ഗേറ്റിലും തീവണ്ടിയെത്തുമ്പോള്‍ മൊയ്തീന്‍കുട്ടിയുടെ മൃതദേഹം എന്‍ജിന് മുന്നിലുണ്ടായിരുന്നു. ആരെയെങ്കിലും തീവണ്ടി തട്ടിയാല്‍ അടുത്ത സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണ് ചട്ടം.

ഇത്തരത്തില്‍ കുമ്പള സ്റ്റേഷനിലെത്തി വിവരം പറയാന്‍ നോക്കുമ്പോഴാണ് എന്‍ജിന് മുന്നിലെ മൃതദേഹം ലോക്കോപൈലറ്റും കാണുന്നത്. കജയില്‍ സഹോദരനോടൊപ്പം താമസിച്ചിരുന്ന മൊയ്തീന്‍കുട്ടി അവിവാഹിതനാണ്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!