
തിരുവനന്തപുരം: പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ബസ്സിനെ കൂടെ കൂട്ടിയ നവദമ്പതികൾക്ക് ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രണയ യാത്രയ്ക്ക് ഡബിൾ ബെല്ല് അടിച്ച കെഎസ്ആര്‍ടിസി ബസിനെ സാക്ഷിയാക്കി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി അമലും അഭിജിതയും വിവാഹിതരായത്. ഇതറിഞ്ഞ മന്ത്രി ഇരുവരേയും ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ചീനിവിളയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് ഓടുന്ന ഒരൊറ്റ ബസ്സാണ് അമലിന്റെയും അഭിജിതയുടെയും പ്രണയത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ യാത്രാസൗകര്യത്തിന് ആ ബസിന് റൂട്ട് ഉണ്ടാക്കിയത് അമൽ ബാലുവാണ്. അമൽ ഉൾപ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവർക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി. പോകപ്പോകെ ഒരു പെൺകുട്ടി അതിൽ യാത്ര ചെയ്ത് തുടങ്ങി. അവളോടുള്ള ഇഷ്ടം വീട്ടിൽ തുറന്ന് പറഞ്ഞ് വിവാഹത്തിലേക്കെത്തി. ചെങ്കൽ ക്ഷേത്രത്തിൽ താലി കെട്ടാൻ പോയപ്പോൾ ബസ്സിനേയും കൂടെ കൂട്ടി, കെഎസ്ആര്‍ടിസി ബസ്സിലെ പ്രണയകഥ വൈറലായതോടെയാണ് ഇരുവരേയും മന്ത്രി വിളിപ്പിച്ചത്.
കെഎസ്ആര്‍ടിസി ലവേഴ്സ് ഫോറം, കെഎസ്ആർടിസി ഫ്രണ്ട്സ്, ഫ്രണ്ട്സ് ഓഫ് കെഎസ്ആര്‍ടിസി, കെഎസ്ആർടിസി പാസഞ്ചേഴ്സ് ഫോറം, തുടങ്ങി നിരവധി ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നയാളാണ് അമൽ. എല്ലായിടത്ത് നിന്നും അമലിനും അഭിജിതക്കും അഭിനന്ദനപ്രവാഹമാണ്. ആനവണ്ടിയെ സ്നേഹിക്കുന്ന നമ്പദമ്പതികളുടെ ജീവിതവും ദീർഘദൂരം അതിവേഗം കുതിക്കട്ടെ...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam