എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ്ണ വനിതാ പഞ്ചവാദ്യം അരങ്ങേറി. പത്തു വയസ്സുകാരി മുതൽ 74 വയസ്സുകാരി വരെ പ്രായമുള്ള 75 അംഗ വനിതാ സംഘമാണ് ഒന്നര മണിക്കൂർ നീണ്ട പ്രകടനത്തിലൂടെ വാദ്യകലാരംഗത്ത് ചരിത്രം കുറിച്ചത്.

തൃശൂർ: എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തില്‍ സമ്പൂര്‍ണ്ണ വനിതാ പഞ്ചവാദ്യം അരങ്ങേറി. എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പത്തു വയസ്സുകാരി മുതൽ 74 വയസ്സുകാരി വരെ നീളുന്ന 75 അംഗ വനിതാ സംഘമാണ് മാസ്മരിക പ്രകടനം കാഴ്ചവെച്ചത്. 21 തിമില, 10 മദ്ദളം, 8 ഇടയ്ക്ക, 14 കൊമ്പ്, 21 ഇലത്താളം, ഒരു ശംഖ് എന്നിങ്ങനെ 75 പേർ അണിനിരന്ന സംഘം ഒന്നര മണിക്കൂർ നീളുന്ന പഞ്ചവാദ്യമാണ് അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ഗണപതിക്കൈ കൊട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തക കെ. അജിത ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു. കവി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, നോർക്ക ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വാദ്യകലാരംഗത്ത് സ്ത്രീകൾക്ക് കൂടുതൽ ഇടം ഉറപ്പാക്കുകയാണ് സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.