ദേവസ്വം ബോർഡിന്റെ അനുമതിയില്ല; ആദിവാസി കുട്ടികൾക്കായുള്ള സ്കൂളിലേക്കുള്ള റോഡ് ടാർ ചെയ്യാനായില്ല

By Web TeamFirst Published Jun 13, 2019, 10:00 AM IST
Highlights

ഇടുക്കി സത്രത്തിലുള്ള സ്കൂളിലേക്കുള്ള വഴിയാണ് ഫണ്ട് കിട്ടിയിട്ടും നന്നാക്കാതെ കിടക്കുന്നത്. പതിനഞ്ച് കൊല്ലം മുമ്പ് ദേവസ്വം ബോർഡിന്റെ കയ്യിൽ നിന്ന് വാങ്ങിയ ഭൂമിയിലാണ് ആദിവാസി കുട്ടികൾക്കായി സത്രത്തിൽ ഏകഅധ്യാപക സ്കൂൾ തുടങ്ങിയത്. 

ഇടുക്കി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ ആദിവാസി കുട്ടികൾക്കായി നിർമ്മിച്ച സ്കൂളിലേക്കുള്ള റോഡ് ടാർ ചെയ്യാനാവുന്നില്ലെന്ന് പരാതി. ഇടുക്കി സത്രത്തിലുള്ള സ്കൂളിലേക്കുള്ള വഴിയാണ് ഫണ്ട് കിട്ടിയിട്ടും നന്നാക്കാതെ കിടക്കുന്നത്. ദേവസ്വം ബോർഡിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങുകയാണ് വിദ്യാർത്ഥികളും നാട്ടുകാരും.

പതിനഞ്ച് കൊല്ലം മുമ്പ് ദേവസ്വം ബോർഡിന്റെ കയ്യിൽ നിന്ന് വാങ്ങിയ ഭൂമിയിലാണ് ആദിവാസി കുട്ടികൾക്കായി സത്രത്തിൽ ഏകഅധ്യാപക സ്കൂൾ തുടങ്ങിയത്. പ്രദേശത്തെ എസ്.ഇ എസ്ടി വിഭാഗത്തിൽപ്പെടുന്ന കുട്ടികളും ആശ്രയിക്കുന്നതും ഈ സ്കൂളിനെ തന്നെ. എന്നാൽ സ്കൂളിലേക്കുള്ള വഴി പാടെ തകർന്നുകിടക്കുകയാണ്. 

കുട്ടികൾ തെന്നി വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. പരാതി പെരുകിയപ്പോൾ പഞ്ചായത്ത് 4 ലക്ഷം രൂപ റോഡ് ടാർ ചെയ്യുന്നതിനായി അനുവദിച്ചു. എന്നാൽ സ്കൂളിലേക്കുള്ള വഴി ഇപ്പോഴും ദേവസ്വം ബോർഡിന്റേതാണ്. നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ അവരുടെ അനുമതി വേണം. ഇതിനായി ദേവസ്വം കമ്മീഷണർ ഉൾപ്പടെയുള്ളവർക്ക് അപേക്ഷ നൽകി ആറ് മാസം കഴിഞ്ഞെങ്കിലും മറുപടിയൊന്നും കിട്ടിയില്ല

മഴക്കാലമായാൽ റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമാകും. അതിന് മുമ്പ് എന്തെങ്കിലും പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അവഗണന തുടർന്നാൽ വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും ഇവർ പറയുന്നു.

click me!