മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി താമസിക്കാം, കെഎസ്ആര്‍ടിസി ബസ്സില്‍

By Web TeamFirst Published Oct 11, 2020, 12:14 PM IST
Highlights

ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചി മുറികള്‍ ഉപയോഗിക്കാം...
 

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനാണ് പുതിയ എ സി ബസ് എത്തിച്ചത്. 16 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ബസ് സൂക്ഷിക്കുന്നത്.

ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചി മുറികള്‍ ഉപയോഗിക്കാം. സംസ്ഥാനത്തെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന ഓടിയെത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി സ്റ്റാഫ് ബസ് ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകരന്റെ ആശയമാണ് വിനോദ സഞ്ചാര മേഖലയില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം നല്‍കാമെന്ന തീരുമാനം ഉണ്ടായത്.

താമസ നിരക്ക് സംബന്ധിച്ച് എം ഡിയുടെ ഉത്തരവ് ഉടന്‍ ലഭിക്കുമെന്നും വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്നും ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആര്‍ടിസി ബസില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയത്. 

click me!