
കാസര്‍കോട്: കാസർകോട് ഉദുമ പഞ്ചായത്ത് ഓഫീസിന് മുൻപിലെ പച്ചത്തുരുത്ത് മുറിച്ചുമാറ്റി ഇന്‍റര്‍ലോക്ക് പാകി അധികൃതർ. ഓഫീസ് മോടിപിടിപ്പിക്കുന്നതിന്‍റെ പേരിലാണ് ഈ വെട്ടിനിരത്തൽ. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ടായിരുന്ന വിവിധയിനം മരങ്ങളാണ് മുറിച്ചുമാറ്റിയത്. കൂവളം, പുളി, നെല്ലി, വേപ്പ്, ചെമ്പകം, മാവ് തുടങ്ങിയവയെല്ലാം മുറിച്ചുമാറ്റി. ഓഫീസിന് മുന്നിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്ന് പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതിനുള്ള അധികൃതരുടെ ന്യായം.പഞ്ചായത്തിലെ അഞ്ച് പച്ചത്തുരുത്തുകളിൽ ഒന്നാണ് ഓഫീസ് മോടി പിടിക്കുന്നതിന്‍റെ പേരിൽ നശിപ്പിച്ചത്.
പഞ്ചായത്ത് അധികൃതർ തന്നെ പച്ചത്തുരുത്ത് നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരിസ്ഥിതി പ്രവർത്തകർ പ്രകടനം നടത്തി. ഇൻറർലോക്ക് മൂന്നിടത്ത് ഇളക്കിമാറ്റി തൈകൾ നട്ടു.പിഡബ്ല്യുഡി അധികൃതരുടെ അനുമതി ഇല്ലാതെയാണ് റോഡരികിൽ ഇന്റർലോക്ക് പാകിയത് എന്ന പരാതിയും ഉയർന്നിട്ടുണ്ട്. വികസനത്തിന്‍റെ പേരിൽ പഞ്ചായത്ത് രേഖകളിലുള്ള ഒരു പച്ച തുരുത്ത് തന്നെയാണ് ഇങ്ങനെ ഇൻറർലോക്ക് ഇട്ട് ഇല്ലാതാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ഇല്ല എന്ന നിലപാടിലാണ് പഞ്ചായത്ത് പ്രസിഡന്‍റ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam