ശരീരമാസകലം പൊള്ളലേറ്റ ആദിവാസി വിദ്യാര്‍ഥിനിക്ക് ചോരുന്ന കൂരയില്‍ നരകജീവിതം

By Web TeamFirst Published Nov 23, 2018, 11:54 PM IST
Highlights

എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത വിധം പൊള്ളലേറ്റ മകള്‍ക്കൊപ്പം താല്‍കാലിക ഷെഡിലാണ് ഈ കുടുംബം താമസിക്കുന്നത്.  ചോരുന്ന കൂരയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് എഴുന്നേറ്റ് ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. 

കല്‍പ്പറ്റ: ചെറിയൊരു മഴ പെയ്താല്‍ പോലും രമ്യയുടെ ഹൃദയം വല്ലാതെ പിടയ്ക്കും. മഴ വന്നാല്‍ കിടന്നുറങ്ങാന്‍ ഒരു കൂരയില്ല എന്നതാണ് ഈ പത്തുവയസുകാരിയുടെ ഉള്ളുപൊള്ളിക്കുന്നത്. പ്രളയക്കെടുതിക്കിടെ ശരീരമാസകലം പൊള്ളി കിടപ്പിലായ ആദിവാസി വിദ്യാര്‍ഥിനിയാണ് ചോരുന്ന കൂരയില്‍ നരകജീവിതം നയിക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ എട്ടേനാല്‍ കാപ്പുമ്മല്‍ പടാരി പണിയകോളനിയിലെ വാസു-ഫലീല ദമ്പതികളുടെ കുടുംബമാണ് ശരീരം മുഴുവന്‍ പൊള്ളി കിടപ്പിലായ മകളെയും കൊണ്ട് ചോരുന്ന ഷെഡില്‍ ദുരിത ജീവിതത്തിലായിരിക്കുന്നത്. 

ശക്തമായി മഴ പെയ്ത ഒരു ദിവസം വീടിനു പുറകുവശത്തെ മണ്ണിടിഞ്ഞ് വീണ് അടുപ്പിനരികില്‍ ഇരിക്കുകയായിരുന്ന രമ്യക്ക് അടുപ്പില്‍ നിന്നും തിളച്ച വെള്ളം തെറിച്ച് പൊള്ളലേല്‍ക്കുകയുമായിരുന്നു. വീടും പൂര്‍ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് മണ്ണിനടിയില്‍പ്പെടാതെ രമ്യ രക്ഷപ്പെട്ടത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ  കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. ഒരു മാസമായി അലോപ്പതി ചികിത്സ മതിയാക്കി ആയുര്‍വേദ ചികിത്സ നടത്തുകയാണ്. 

എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത വിധം പൊള്ളലേറ്റ മകള്‍ക്കൊപ്പം താല്‍കാലിക ഷെഡിലാണ് ഈ കുടുംബം താമസിക്കുന്നത്.  ചോരുന്ന കൂരയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് എഴുന്നേറ്റ് ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നെന്ന് വാസു പറഞ്ഞു. മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായി തകര്‍ന്നതിനാല്‍ മൂത്ത മകളുടെ ഷെഡിനോട് ചേര്‍ന്ന് താത്കാലിക ഷെഡ് നിര്‍മിക്കുകയായിരുന്നു. വീടിരുന്ന സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടെ വീട് നിര്‍മിക്കാനാവില്ല. മറ്റൊരു സ്ഥലത്ത് സ്ഥലം വാങ്ങി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. പൊള്ളലേറ്റ ശരീരമായതിനാല്‍ ഷെഡിനകത്തെ ചൂടും തണുപ്പും താങ്ങാനാവാതെ ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണിന്ന് രമ്യ. വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ അഞ്ചാം തരം വിദ്യാര്‍ഥിനിയാണ്.

click me!