കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി തിരുവനന്തപുരം സിറ്റി പൊലീസ്

By Web TeamFirst Published Nov 23, 2018, 9:59 PM IST
Highlights

30 കിലോ ഹാഷിഷിന് മയക്കുമരുന്ന് വിപണിയിൽ 10 കോടിയോളം രൂപ വിലമതിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് അറിയിച്ചു. 

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുമായി തിരുവനന്തപുരം സിറ്റി പോലീസ്. 30 കിലോ ഹാഷിഷുമായി എത്തിയ യുവാവിനെ പേട്ട പോലീസ് പിടികൂടി. ഇടുക്കി മുനിയറ പണിക്കം  കുടിയിൽ അജി(35)നെയാണ് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്‌തത്‌. 

30 കിലോ ഹാഷിഷിന് മയക്കുമരുന്ന് വിപണിയിൽ 10 കോടിയോളം രൂപ വിലമതിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് അറിയിച്ചു. കഴിഞ്ഞ മാസം സിറ്റി പോലീസ് പിടികൂടിയ 10 കിലോ ഹാഷിഷ് ഓയിലിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹാഷിഷിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് അജിയെ അറസ്റ്റു ചെയ്തത്. കേരളത്തിൽ ഹാഷിഷ് ഓയിൽ എത്തിച്ചു കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. 

ആന്ധ്രാപ്രദേശിലെ ശീലേരുവിൽ നിന്നാണ് ഇയാൾ വൻതോതിൽ കേരളത്തിലേക്ക് ഹാഷിഷ് ഓയിൽ കടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കഞ്ചാവ് കേസുകൾ നിലവിലുണ്ട് . ആദ്യമായാണ് അജിയെ പോലീസ് പിടികൂടുന്നതെന്ന് പോലീസ് അറിയിച്ചു.  അജി ട്രെയിൻ മാർഗ്ഗമാണ് ആന്ധ്രപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്നത്. പാലക്കാട് ഇവ എത്തിച്ചു രഹസ്യ സങ്കേതത്തിലേക്കു മാറ്റും. പിന്നീട് ഇടനിലക്കാരെ വിളിച്ചു വിൽപ്പന നടത്തുകയാണ് പതിവ്. വിദേശത്തേക്കും ഇവ കടത്തിയതായി ഇയാൾ പോലീസിനോട്  സമ്മതിച്ചിട്ടുണ്ട്. 

സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശിന്‍റേയും ഡി.സി.പിആർ. ആദിത്യയുടേയും നിർദ്ദേശപ്രകാരം, നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ,  പേട്ട എസ്.ഐ  സജു കുമാർ, എസ്.ഐ മാരായ പ്രതാപ് ചന്ദ്രൻ, വിനോദ് വിക്രമാദിത്യൻ, നാർക്കോട്ടിക് സെല്ലിലെ എ.എസ്.ഐ അശോകൻ, സേവിയർ, സന്തോഷ്, ബാബു എന്നിവർ ചേർന്നാണ് അജിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

click me!