ആശുപത്രി വഴിമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം

By Web TeamFirst Published Dec 24, 2021, 9:31 PM IST
Highlights

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് (Adivasi Women) കനിവ് 108 (Kaniv 108 ambulance) ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം. 

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് (Adivasi Women) കനിവ് 108 (Kaniv 108 ambulance) ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം. കോട്ടൂർ കൊമ്പിടി തടതരികത്തു വീട്ടിൽ ശിവകുമാറിൻ്റെ ഭാര്യ സുനിത (25) ആണ് പെൺകുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. 

സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് എമർജൻസി റെസ്പോൺസ് ഓഫീസർ ഇന്ദു അത്യാഹിത സന്ദേശം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ്.എസ്, പൈലറ്റ് ഷൈജു ജി എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. 

ആംബുലൻസ് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള പാത ആയതിനാൽ ബന്ധുക്കൾ സുനിതയെ ജീപ്പിൽ വാലിപ്പാറ വരെ എത്തിച്ചു. ഇവിടെ വെച്ച് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക നടത്തിയ പരിശോധനയിൽ സുനിതയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാനോ മുന്നോട്ട് പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് മനസിലാക്കി പ്രസവം എടുക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി. 

നാലരയോടെ പ്രിയങ്കയുടെ പരിചരണത്തിൽ സുനിത കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പൊക്കിൾ കൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ഷൈജു ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

click me!