
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം. അട്ടപ്പാടി പാലൂർ ധോടുകാട്ടി ആദിവാസി ഊരിലെ ഈശ്വരൻ്റെ ഭാര്യ രാധ(27)യാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. രാധയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സഹായം തേടുകയായിരുന്നു.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ്, പൈലറ്റ് കെ. എം ലിനേഷ് എന്നിവർ ഉടൻ ഊരിലേക്ക് തിരിച്ചു. വാഹനം എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ഊരിനടുത്ത് വാഹനം നിറുത്തി സ്ട്രെച്ചർ എടുത്ത് നടന്നാണ് ആംബുലൻസ് സംഘം രാധുടെ ഊരിലെത്തിയത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ് നടത്തിയ പരിശോധനയിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാധയെ സ്ട്രെച്ചറിൽ ഊരിലുള്ളവരുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ലിനേഷ് ആംബുലൻസുമായി ആശുപത്രിയിലേക്ക് കുതിച്ചു.
എന്നാൽ ചീരകടവ് എത്തുമ്പോഴേക്കും രാധയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഞായറാഴ്ച പുലർച്ചെ 1.40ന് ജിൻ്റോയുടെ പരിചരണത്തിൽ രാധ കുഞ്ഞിന് ആംബുലന്‍സിനുള്ളില്‍ ജന്മം നൽകുകയായിരുന്നു.
പിന്നീട് പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ വാര്‍ഡിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈശ്വരൻ- രാധ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. രാധയുടെ ആരോഗ്യനില മനസിലാക്കി അവശ്യമായ നടപടികള്‍ സ്വകരിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസും പൈലറ്റ് ലിനേഷിനേയും രാധയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും അഭിനന്ദിച്ചു.
കല്‍പ്പറ്റ: പനമരം, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട കുറുമ്പാലക്കോട്ട (Kurumbalakotta) മലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളില്‍ (Forest Fire) ആശങ്കയുമായി ഇവിടുത്തെ കുടുംബങ്ങള്‍. മൂന്നിലധികം തവണയായി മലയിലും അടിവാരത്തുമുള്ള കുറ്റിക്കാടുകള്‍ക്ക് തീ പടര്‍ന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഏക്കറുകണക്കിനു പുല്‍മേടുകളും കൃഷിസ്ഥലങ്ങളും കത്തിനശിച്ചു. മലയടിവാരത്ത് കള്ളാംതോടിനു സമീപം തീപിടിത്തമുണ്ടായി മൂന്ന് ആഴ്ചകള്‍ക്കകം ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും തീപിടിത്തമുണ്ടാകുന്നത്.
ഈ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അഗ്നിബാധ ദുരൂഹമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കോട്ടത്തറ, പനമരം പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് അഗ്നിബാധ ഉണ്ടാകുന്നതെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടി ആരെങ്കിലും തീയിടുന്നതാണോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ അഗ്നിബാധയില്‍ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പുകള്‍ അടക്കമാണ് ഉരുകിപോയത്.
ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന കുറുമ്പാലക്കോട്ട മലയുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. മലമുകളിലുള്ളവര്‍ വീടുകളിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പുകളും മറ്റും അഗ്‌നിക്കിരയായതിനാല്‍ ഇവ മാറ്റി സ്ഥാപിച്ചതിന് ശേഷമെ കുടിവെള്ളമടക്കം കൊണ്ടുവരാനാകൂ. അതേ സമയം അഗ്‌നിരക്ഷാസേനക്കും മറ്റും മലമുകളിലെത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാര്‍ തന്നെ തീ അണക്കേണ്ട ഗതികേടിലാണ്.
ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞ ദിവസമുണ്ടായ തീയണച്ചത്. പലപ്പോഴും മലയടിവാരത്ത് നിന്നാണു തീപിടിത്തം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആദിവാസികള്‍ അടക്കം ഒട്ടേറെ കുടുംബങ്ങള്‍ മലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്. മലമുകളിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫയര്‍ലൈന്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam