കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തു; ആദിവാസി യുവാവിന് പരിക്കേറ്റു

By Web TeamFirst Published Jun 13, 2021, 12:05 PM IST
Highlights

കൃഷി സ്ഥലത്തു നിന്നും അനക്കം കേട്ടതോടെ ലക്ഷ്മണന്‍ വന്യമൃഗമാണെന്നു കരുതി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഇടുക്കി: കൃഷി സ്ഥലത്ത് പണിയെടുക്കുന്നതിനിടെ ആദിവാസി യുവാവിനു വെടിയേറ്റു. കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്നു തെറ്റിദ്ധരിച്ചു വച്ച് തോട്ടമുടമയാണ് വെടിവച്ചത്. ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇരുപ്പുകല്ലുകുടി കുടി സ്വദേശിയായ അല്ലിമുത്തുവിന്റെ മകന്‍ സുബ്രമണ്യനാണ് (39) ഗുരുതരമായ പരിക്കേറ്റത്.  ഗുരുതരമായ പരിക്കേറ്റ യുവാവിനെ  ആദ്യം മൂന്നാറിലെ  ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഞ്ചിന്റെ മധ്യത്തില്‍ തറച്ച വെടിയുണ്ട മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തെടുക്കുവാന്‍ സാധിക്കാത്ത നിലയിലാണ് വിദഗ്ദ ചികിത്സയ്ക്ക് കോട്ടയത്തേക്ക് എത്തിച്ചത്. കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണന്‍ ആണ് നിറയൊഴിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൃഷി സ്ഥലത്തു നിന്നും അനക്കം കേട്ടതോടെ ലക്ഷ്മണന്‍ വന്യമൃഗമാണെന്നു കരുതി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെടിയേറ്റു വീണയാളെ കുടിയിലെ ആദിവാസികള്‍ കാനനപാതയിലൂടെ  ചുമന്ന് സൊസൈറ്റിക്കുടിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയ്ക്ക് വിവരമറിഞ്ഞ് മൂന്നാറില്‍ നിന്നും ആംബുലന്‍സ് സൊസൈറ്റിക്കുടിയിലേക്ക് പോയിരുന്നു. ഈ ആംബുലന്‍സിലാണ് മൂന്നാറില്‍ എത്തിച്ചത്. വെടിവച്ചയാളെ ഇതുവരെ പിടികൂടിയിട്ടില്ല. 

മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, മൂന്നാര്‍ ഡി.വൈ.എസ്.പി. ആർ സുരേഷ്. സി.ഐ. പി.ആര്‍.മനോജ്. സബ് ഇന്‍സ്‌പെക്ടര്‍ റ്റി.എം.സൂഫി.രെതിഷ്ന്നി എവരുടെ നേതൃത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ആദിവാസി യുവാവിനു വെടിയേറ്റത് അബദ്ധത്തില്‍ തന്നെയാണോ അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ എന്നതും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!