ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ച് രണ്ടാം വിവാഹം; സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത യുവാവ് പിടിയില്‍

By Web TeamFirst Published Jun 13, 2021, 8:45 AM IST
Highlights

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്തു ആദ്യ ഭാര്യയും മനീഷിനൊപ്പം ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മനീഷിന്റെ ആദ്യ ഭാര്യയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 

മാവേലിക്കര: ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം ചെയ്തു സ്വർണവും പണവും തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചെങ്ങളം ഈസ്റ്റ് കാ‍ഞ്ഞിരമറ്റം കിഴക്കേമുറി കെ കെ മനീഷിനെ (36) ആണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്തു ആദ്യ ഭാര്യയും മനീഷിനൊപ്പം ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മനീഷിന്റെ ആദ്യ ഭാര്യയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 

ബഹറിനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനി ജില്ലാ പോലീസ് ചീഫ് എസ് ജയദേവിനു ഇ-മെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. പരസ്യം കണ്ട് നടത്തിയ അന്വേഷണത്തിൽ ഓട്ടോമൊബൈൽ ബിസിനസ് ആണെന്നും എൻജിനീയറിങ് വരെ പഠിച്ചിട്ടുണ്ടെന്നും ആദ്യ ഭാര്യ മരിച്ചു പോയെന്നുമാണു മനീഷ് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിച്ചത്. 

ആദ്യ വിവാഹം വേർപെടുത്തിയ ചെട്ടികുളങ്ങര സ്വദേശിനിയും മനീഷുമായി 2020 ഒക്ടോബർ 27നു കായംകുളത്തിനു സമീപത്തെ ഒരു ക്ഷേത്രത്തിൽ വച്ചു വിവാഹം നടന്നു. സ്വന്തം വീടെന്നു മനീഷ് പറഞ്ഞു വിശ്വസിപ്പിച്ച തലയോലപ്പറമ്പിലെ വീട്ടിൽ ഇരുവരും ഒരു മാസം താമസിച്ചു. പിന്നീട് ബഹ്റൈനിലേക്കു പോയ പെൺകുട്ടി കഴിഞ്ഞ മാസം മനീഷിനെയും അവിടേക്ക് കൊണ്ടുപോയി.

ജോലി ശരിപ്പെടുത്തിയെങ്കിലും ഇന്റർവ്യൂവിനു പോകാതെ ഒഴിഞ്ഞുമാറിയ മനീഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. യുവതി നടത്തിയ തുടരന്വേഷണത്തിൽ മനീഷിന്റെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും മനസിലായി. എംബിസി ഇടപെട്ടു മനീഷിനെ നാട്ടിലേക്കു തിരിച്ചയച്ചു. ഇതിനു ശേഷമാണു പെൺകുട്ടി ജില്ലാ പോലീസ് ചീഫിനു പരാതി അയച്ചത്. ഇത്രയും കാലത്തിനിടെ പലപ്പോഴായി 30 പവൻ സ്വർണാഭരണവും 28 ലക്ഷം രൂപയും മനീഷ് തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!