
ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ വനം വകുപ്പിനെതിരെ ആദിവാസികളുടെ സമരം. ആദിവാസികളെ കള്ളക്കേസിൽ കുടുകുന്നു എന്നാരോപിച്ച് ആദിവാസികൾ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് വിൽപനക്ക് കൊണ്ടുപോയ രണ്ടു കിലോ കാട്ടിറച്ചിയുമായി കണ്ണംപടി പുത്തൻ പുരയ്ക്കൽ സരിൻ സജിയെ കിഴുകാനം ഫോറസ്റ്ററും, സംഘവും അറസ്റ്റ് ചെയ്തത്.
ഇറച്ചി കടത്തിയ ഓട്ടോ റിക്ഷയും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് സരിൻ പിടിയിലായതെന്നാണ് വനം വകുപ്പ് പറയുന്നത്. ഇറച്ചി വിൽക്കാൻ സരിനെ ഏല്പിച്ച പതാലിൽ സനോജ്, മാക്കൽ സനിൽ എന്നിവരെ പിടികൂടാനുണ്ട്. അതേ സമയം ഇത് കള്ളക്കേസാണെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളും ആദിവാസി സംഘടനയും ആരോപിക്കുന്നത്.
വനം വകുപ്പ് നടപടിക്കെതിരെ കേരള ഉള്ളാട മഹാ സഭയുടെ നേതൃത്വത്തിൽകിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി ആദിവാസികൾ പങ്കെടുത്തു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
ആദിവാസികളെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വഷണം നടത്തണം എന്ന ആവശ്യപ്പെട്ട് സി പി എമ്മും സി പിഐയും ഡിവൈഎഫ്ഐയും നേരത്തേ സമരം നടത്തിയിരുന്നു.
വനപരിപാലന നിയമപ്രകാരം രൂപവൽക്കരിച്ച കമ്മറ്റികൾ നാളുകളായി ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കുന്നില്ലന്നും സമരക്കാർ ആരോപിക്കുന്നു. ആവശ്യം അംഗീകരിക്കും വരെ കണ്ണംപടി വനമേഖലയിലെ മറ്റ് ആദിവാസി സംഘടനകളെ കൂടി സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് കേരള ഉള്ളാട മഹാ സഭയുടെ തീരുമാനം. അതേ സമയം കാട്ടിറച്ചി കടത്തലിന് പിന്നിലുള്ളവര്‍ സ്‌ഥിരമായി മൃഗ വേട്ട നടത്തുന്നവർ ആണെന്നാണ് വനം വകുപ്പ് പറയുന്നത്. പിടികൂടിയത് ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്ന് വ്യക്തമാകാൻ സാംബിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
Read More : കടുവയെ പേടിച്ച് മൂന്നാർ, നൈമക്കാട്; പിടികൂടാൻ ഊര്‍ജ്ജിത നീക്കവുമായി വനംവകുപ്പ്; 3 കൂടുകൾ കൂടി സ്ഥാപിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam