അന്തരിച്ച എംഎൽഎ പി ടി തോമസിന് നിയമസഭയുടെ ആ​ദരാഞ്ജലി ഇന്ന്

Published : Feb 21, 2022, 07:32 AM IST
അന്തരിച്ച എംഎൽഎ പി ടി തോമസിന് നിയമസഭയുടെ ആ​ദരാഞ്ജലി ഇന്ന്

Synopsis

വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വിപ്ലവകരമായ നിലപാടുകളിലൂടെ അഞ്ച് പതിറ്റാണ്ടുകാലം കേരള രാഷ്ടീയത്തിൽ നിറ‍ഞ്ഞുനിന്ന നേതാവാണ് പി ടി തോമസ്. 

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് നിയമസഭ ഇന്ന് ആദരാഞ്ജലി അ‍ർപ്പിക്കും. ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷി നേതാക്കളും അനുസ്മരണ പ്രഭാഷണം നടത്തും. നാളെ മുതൽ മൂന്ന് ദിവസം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ ഗവർണ്ണറെ വിമർശിക്കാനിടയുണ്ട്. വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു പി ടിയുടെ വിയോ​ഗം. 

വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വിപ്ലവകരമായ നിലപാടുകളിലൂടെ അഞ്ച് പതിറ്റാണ്ടുകാലം കേരള രാഷ്ടീയത്തിൽ നിറ‍ഞ്ഞുനിന്ന നേതാവാണ് പി ടി തോമസ്. ഗാഡ്ഗിൽ  - കസ്തൂരിരംഗൻ റിപ്പോർ‍ട്ടിന്‍റെ പേരിൽ സഭയും വിശ്വസിച്ച പ്രസ്ഥാനവും കൈയ്യൊഴിഞ്ഞപ്പോഴും സ്ഥാനമാനങ്ങൾക്കായി നിലപാടിൽ വെളളംചേർക്കാൻ പി ടി തോമസ് തയാറായില്ല. തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം  ഉയർത്തെഴുനേൽക്കുന്ന പി ടി തോമസിനെയും കേരളീയ പൊതുസമൂഹം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കുശേഷം സംസ്ഥാനത്തെ കോൺഗ്രസിനെ കൈപിടിച്ചുയർത്താനുളള ചുമതല ഏറ്റെടുത്ത് അധികം കഴിയുംമുമ്പാണ് പി ടി വിടവാങ്ങിയത്. 

അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കെ പി സി സി വർക്കിങ് പ്രസി‍ഡന്‍റായിരുന്ന പി ടി തോമസിന്‍റെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിലുളള (Upputhode)  കുടുംബകല്ലറയിൽ സംസ്കരിക്കുകായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങിയാണ് ചിതാഭസ്മം എറണാകുളത്തുനിന്ന് ജന്മനാട്ടിൽ എത്തിച്ചത്.

മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം​ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ലായിരുന്നു. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായി പി ടി വിട പറഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്