തോൽപ്പിക്കാൻ ശ്രമിച്ചു; കെപിസിസി അംഗത്തിനെതിരെ ആരോപണവുമായി നെടുംങ്കണ്ടത്തെ ഔദ്യോഗിക സ്ഥാനാർത്ഥി

By Web TeamFirst Published Dec 22, 2020, 8:36 PM IST
Highlights

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപെടുത്താന്‍ കെപിസിസി അംഗം ശ്രമിച്ചതായി ആരോപണം. 

ഇടുക്കി: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപെടുത്താന്‍ കെപിസിസി അംഗം ശ്രമിച്ചതായി ആരോപണം. നാലാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എംഎസ് മഹേശ്വരനാണ് ആരോപണം ഉന്നയിച്ചത്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടം നാലാം വാര്‍ഡില്‍ മൂന്നാം തവണയാണ് എംഎസ് മഹേശ്വരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പ്രാദേശിക പിന്തുണയും വിജയ സാധ്യതയും കണക്കിലെടുത്തായിരുന്നു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. എന്നാല്‍ കെപിസിസി അംഗമായ ഒരു വ്യക്തി തന്നെ പരാജയപെടുത്താന് മനപൂര്‍വ്വം ശ്രമിച്ചതായി എംഎസ് മഹേശ്വരന്‍ പറയുന്നു.

കെപിസിസി അംഗത്തിന്റെ നേതൃത്വത്തില്‍ വിമത സ്ഥാനാര്‍ത്ഥിയെ വാര്‍ഡില്‍ മത്സര രംഗത്ത് എത്തിച്ചു. ഈ സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതും കെപിസിസി അംഗമാണ്. പഞ്ചായത്തിലെ മറ്റ് പല വാര്‍ഡുകളിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപെടുത്താന്‍ ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു.

ഇതാണ് ഭരണം നഷ്ടപെടാന്‍ ഇടയാക്കിയതെന്നും മഹേശ്വരന്‍ പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ തെളിവ് സഹിതം കെപിസിസി പരാതി നല്‍കുമെന്നും മഹേശ്വരന്‍ വ്യക്തമാക്കി.

click me!