'വരുന്നു അനന്തപുരി മെഡിക്കല്‍സ്'; വിലക്കുറവില്‍ മരുന്നുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍

By Web TeamFirst Published Sep 25, 2019, 1:36 PM IST
Highlights
  • അനന്തപുരി മെഡിക്കല്‍സ് കോര്‍പ്പറേഷന്‍റെ സ്വപ്ന പദ്ധതി
  • കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായമായ വിലയില്‍
  • പാളയം സാഫല്യം കോംപ്ലക്സിലാകും അനന്തപുരി മെഡിക്കല്‍സിന്‍റെ ആദ്യ ഔട്ട്‍ലെറ്റ്

തിരുവനന്തപുരം:  ജനങ്ങള്‍ക്ക് വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന അനന്തപുരി മെഡിക്കല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കോര്‍പ്പറേഷന്‍ ബജറ്റില്‍ നല്‍കിയിരുന്ന വാഗ്ദാനമാണ് അനന്തപുരി മെഡിക്കല്‍സ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് ശേഷം അനന്തപുരി മെഡിക്കല്‍സ് പ്രവര്‍ത്തനം ആരംഭിക്കും.

നേരത്തെ ഒക്ടോബര്‍ ആദ്യവാരം അനന്തപുരി മെഡിക്കല്‍സിന്‍റെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് നീട്ടിവെയ്ക്കുകയായിരുന്നു. ഗുണനിലവാരമുള്ള മരുന്നുകൾ ന്യായമായ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കോര്‍പ്പറേഷന്‍റെ സ്വപ്ന പദ്ധതിയാണ് അനന്തപുരി മെഡിക്കല്‍സ്.

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‍ അടക്കമുള്ള സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നാകും മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്നു ശേഖരിക്കുക. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായമായ വിലയില്‍ അനന്തപുരി മെഡിക്കല്‍സില്‍ നിന്ന് ലഭിക്കും.

സംസ്ഥാന സർക്കാരിന്‍റെ കാരുണ്യ ഫാ​ർ​മ​സി​കളുടെ മാതൃകയിലാകും പ്രവര്‍ത്തനം. പാളയം സാഫല്യം കോംപ്ലക്സിലാകും അനന്തപുരി മെഡിക്കല്‍സിന്‍റെ ആദ്യ ഔട്ട്‍ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കുക. പിന്നീട് കോര്‍പ്പറേഷന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

click me!