തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരെ കൂക്കിവിളിച്ച് തൊഴിലാളികൾ; ചാല കമ്പോളത്തിൽ എംആർടി മെറ്റൽ മാർട്ട് പ്രവർത്തനം പുനരാരംഭിച്ചു

Published : Jul 10, 2026, 05:08 PM IST
MRT metal Mart

Synopsis

തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ പൂട്ടി സീൽ ചെയ്ത ചാല കമ്പോളത്തിലെ എംആർടി മെറ്റൽ മാർട്ട് ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനെ തുടർന്ന് വീണ്ടും തുറന്നു. സ്വത്ത് തർക്കത്തെ തുടർന്ന് ലൈസൻസ് പുതുക്കാത്തതിനാലായിരുന്നു സ്ഥാപനം അടച്ചുപൂട്ടിയത്

തിരുവനന്തപുരം: അനന്തപുരിയുടെ വാണിജ്യ ഹൃദയമായ ചാല കമ്പോളത്തിൽ ഒരു നൂറ്റാണ്ടോളം തലയുയർത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനമായ 'എംആർടി മെറ്റൽ മാർട്ട്' പൂട്ടി സീൽ ചെയ്ത കോർപ്പറേഷൻ നടപടിക്ക് ഹൈക്കോടതി സ്റ്റേ. കോടതി ഉത്തരവ് പുറത്തുവന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ അധികൃതരെത്തി കട വീണ്ടും തുറന്നു നൽകി. സ്ഥാപനം തുറന്ന വാർത്ത ജീവനക്കാർ ആഹ്ലാദ പ്രകടനങ്ങളോടെയാണ് വരവേറ്റത്. കോടികളുടെ ആസ്തിയുള്ള സ്ഥാപനത്തിന്‍റെ ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിൽ നിലനിന്ന സ്വത്ത് തർക്കമാണ് വ്യാപാര സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം.

ലൈസൻസ് പുതുക്കാൻ പലതവണ നഗരസഭ നോട്ടീസ് നൽകിയെങ്കിലും സഹോദരന്മാരിൽ ഒരാൾ ഇതിനെ എതിർത്തു. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്. തുടർന്നുണ്ടായ നിയമനടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം പൊലീസ് സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികൃതർ കടയിലെ ജീവനക്കാരെ പുറത്തിറക്കി സ്ഥാപനം പൂട്ടി സീൽ ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾക്കിടയിൽ ചാല തെരുവിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഒരു നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള വലിയൊരു പ്രസ്ഥാനം പെട്ടെന്ന് അടച്ചുപൂട്ടിയത് ചാലയിലെ വ്യാപാരികൾക്കിടയിലും വലിയ ചർച്ചയായി. കട പൂട്ടി സീൽ ചെയ്തതോടെ ഇവിടെ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന എൺപതോളം തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഒറ്റയടിക്ക് ഇല്ലാതായത്.

എന്നാൽ, കോർപ്പറേഷന്‍റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി, മുൻ ഉത്തരവിന് സ്റ്റേ അനുവദിക്കുകയായിരുന്നു. കോടതി സ്റ്റേ ഉത്തരവ് കോർപ്പറേഷനിൽ അറിയിച്ചതോടെ, കട പൂട്ടി സീൽ ചെയ്ത അതേ ഉദ്യോഗസ്ഥർ തന്നെ ഇന്ന് ഉച്ചയോടെ താക്കോലുകളുമായി എത്തി സ്ഥാപനം തുറന്നു നൽകി. "എംആർടി ഈസ് ബാക്ക്' എന്ന് ആരവത്തോടെ കോർപ്പറേഷന്‌ ജീവനക്കാരെ കൂക്കിവിളിച്ചും പുഷ്പങ്ങളെറിഞ്ഞും ആണ് സമീപത്തുണ്ടായിരുന്നവർ സ്വീകരിച്ചത്. എൺപതോളം വരുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കിയ കോർപ്പറേഷൻ നടപടിക്ക് കോടതി നൽകിയ ശക്തമായ താക്കീതാണ് ഈ വിധിയെന്ന് തൊഴിലാളികൾ പ്രതികരിച്ചു. ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ സ്ഥാപനം വീണ്ടും സജീവമായതിന്‍റെ ആശ്വാസത്തിലാണ് ചാലയിലെ വ്യാപാരികളും ജീവനക്കാരും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ച് പോലീസുകാരന്‍റെ വില കൂടിയ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; യുവാവ് അറസ്റ്റില്‍
ഹാൻഡിലിൽ കണ്ട പെയിന്‍റ് തെളിവായി, തിരുവല്ലത്ത് സുഹൃത്തുക്കളുടെ മരണത്തിൽ ട്വിസ്റ്റ്; ബൈക്ക് നിയന്ത്രണം വിട്ടത് പിന്നിൽ കാറിടച്ചതോടെ, യുവാവ് കസ്റ്റഡിയിൽ