
തിരുവനന്തപുരം: മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷം കുടുംബത്തിന് എന്നും ഓർമിക്കാവുന്ന അനുഭവമാക്കാൻ വേറിട്ട വഴിയൊരുക്കി കരകുളം സ്വദേശികളായ അനുരാജ്–പ്രിയ ദമ്പതികൾ. ചെറുപ്പകാലം മുതൽ ആനവണ്ടി ഫാനായ അനുരാജ് മക്കളായ ആരഹിന്റെയും അബീഹയുടെയും പിറന്നാൾ ആഘോഷത്തിനായി ഒരു കെ.എസ്.ആർ.ടി.സി. ബസ് തന്നെ ബുക്ക് ചെയ്യുകയായിരുന്നു. ബന്ധുക്കളെയെല്ലാം ഒത്തുചേർത്ത് ബസിൽ വിനോദയാത്രയും ഒപ്പം കേക്കുമുറിയും ഭക്ഷണവുമെല്ലാം ചേർന്ന് കുരുന്നുകൾക്ക് അച്ഛൻ്റെ വക ഒരടിപൊളി ജന്മദിനം. ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ആശംസകളുമായെത്തുന്നത്.
കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ആരംഭിക്കുന്നതിന് മുമ്പേ വിവാഹത്തിന് ബസ് ബുക്ക് ചെയ്ത് ആഘോഷമാക്കിയ ടെക്നോപാർക്ക് ജീവനക്കാരനാണ് അനുരാജ്. അതേ ബസ് തന്നെയാണ് ഇത്തവണ കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനും തെരഞ്ഞെടുത്തത്. 2021 സെപ്റ്റംബർ 16ന് വിവാഹത്തിനായി നെടുമങ്ങാടുനിന്ന് വാടകയ്ക്കെടുത്ത അതേ സൂപ്പർ ഫാസ്റ്റ് ബസിൽ കുടുംബാംഗങ്ങളും ബന്ധുക്കളുമുൾപ്പടെയായിരുന്നു അടിപൊളിയാത്ര.
നെടുമങ്ങാട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെൽ പ്രത്യേക അപേക്ഷ നൽകിയാണ് ‘ATK 308’ നമ്പറിലുള്ള ബസ് കുടുംബയാത്രയ്ക്കായി ലഭ്യമാക്കിയത്. സാധാരണയായി നെടുമങ്ങാട്–സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസായിരുന്നു ഇത്. എന്നാൽ, ശനിയാഴ്ച ദിവസം കുടുംബത്തിന്റെ യാത്രയ്ക്കായി ബസ് ക്രമീകരിച്ചുനൽകുകയായിരുന്നു. സർവീസിനെ ബാധിക്കാതിരിക്കാൻ പകരം ബസ് ഡ്യൂട്ടിക്ക് ഏർപ്പെടുത്തിയ ശേഷമാണ് ‘ATK 308’ യാത്രയ്ക്കായി മാറ്റിയത്. എട്ട് മണിക്കൂർ യാത്രയ്ക്കുള്ള തുകയും അധിക സമയത്തിനുള്ള തുകയും ഉൾപ്പെടെ 12,500 രൂപയും 2,000 രൂപ കോഷൻ ഡെപ്പോസിറ്റും ചേർത്ത് ആകെ 14,500 രൂപയാണ് ചെലവായത്.
രാവിലെ 9.30ഓടെ കരകുളത്തുനിന്ന് യാത്ര ആരംഭിച്ചു. നെടുമങ്ങാട് വഴി അമ്പൂരിക്കടുത്തുള്ള കുമ്പിച്ചൽ കടവിലെത്തിയ കുടുംബം അവിടെ വച്ച് ബസിൽ തന്നെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. തുടർന്ന് ഭക്ഷണവും കഴിച്ച ശേഷം നെയ്യാർ ഡാമിലേക്കും യാത്ര തിരിച്ചു. വൈകുന്നേരം അഞ്ചോടെ കുടുംബം തിരിച്ചെത്തി. കുടുംബാംഗങ്ങൾക്കൊന്നാകെ ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരം കൂടിയായതോടെ ആരഹിന്റെയും അബീഹയുടെയും ഒന്നാം പിറന്നാൾ ആഘോഷങ്ങൾ വ്യത്യസ്തമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam