
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നൽകിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം കൊയ്യുകയായിരുന്നു ഇയാൾ. മറ്റിടങ്ങളിൽ നിന്നും പൊങ്കാലയ്ക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വലിയ പുരയിടത്തിൽ നഗരസഭയുടെ അനുമതി പോലും വാങ്ങാതെയുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. ഒരു ഓൾട്ടോ കാർ പാർക്ക് ചെയ്യാൻ 400 രൂപയാണ് ഈടാക്കിയത്. വലിയ തുകയാണ് ടാക്‌സി കാറുകൾക്ക് പോലും ഈടാക്കിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ മേയർ വി.വി രാജേഷിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് മേയർ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. 'ഒരു ഓൾട്ടോ കാറിന് 400 രൂപയോ, തോന്ന്യാസം കാണിക്കരുത്, ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്, ഇത് ശരിയായ നടപടിയല്ല, ഒരു കാറിന് ഇത്രയും ഫീസ് ക്രൂരതയാണ്' വിവി രാജേഷ് പറഞ്ഞു. എന്നാൽ 3 ദിവസം കണക്കാക്കിയാണ് പണം വാങ്ങിയതെന്നായിരുന്നു ഇയാളുടെ ന്യായീകരണം.ഇതോടെ പിഴയീടാക്കാൻ മേയർ തീരുമാനിച്ചു. പിഴ എഴുതാനായി തുടങ്ങിയതോടെ പരാതിക്കാർ ഇടപെട്ട് നടപടി വേണ്ടെന്നും പണം തിരികെ നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടതോടെയാണ് ഇയാൾ തടിയൂരിയത്. ഇത്തരം കൊള്ള ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും കോർപ്പറേഷനെ വിവരം അറിയിക്കണമെന്ന് പറഞ്ഞാണ് മേയർ മടങ്ങിയത്. മേയറുടെ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും എത്തുന്നുണ്ട്.
അതേസമയം, ചൊവ്വ വൈകിട്ട് 8 വരെ നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ കണ്ടെയ്നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല. ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നാണ് പൊലീസ് നിർദേശം. കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്‍റെ ഇടത് വശം , ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്‍റര്‍, ഗവ. കാലടി സ്കൂള്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, വലിയപള്ളി പാര്‍ക്കിങ്, ചിറപ്പാലം ഗ്രൗണ്ട്, നിറമണ്‍കര എന്‍എസ്എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്,കൈമനം ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സ് കോംപൗണ്ട്, ദര്‍ശന ആഡിറ്റോറിയം, പാപ്പനംകോട്, ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്, നേമം വിക്ടറി സ്കൂള്‍ ഗ്രൗണ്ട്, പുന്നമൂട് ഗവ. ഹൈസ്ക്കൂള്‍ ഗ്രൗണ്ട്, പാപ്പനംകോട് എസ്റ്റേറ്റ്, തിരുവല്ലം ബിഎന്‍വി സ്കൂള്‍ ഗ്രൗണ്ട്, തിരുവല്ലം ബൈപ്പാസ് റോഡ് പാര്‍ക്കിങ് ഗ്രൗണ്ട് -2, എസ്എഫ്എസ് സ്കൂള്‍, കല്ലുവെട്ടാന്‍കുഴി, മായംകുന്ന്, കോവളം ബീച്ച്, വിപിഎസ് മലങ്കര എച്ച്എസ്എസ്, വെങ്ങാനൂര്‍ ക്രിക്കറ്റ് ഗ്രൗണ്ട്, കോട്ടപ്പുറം സെന്‍റ് മേരീസ് സ്കൂള്‍, തൈയ്ക്കാട് സംഗീത കോളജ്, പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്,വഴുതക്കാട് പിടിസി ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ട്‍, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, കേരളാ യൂണിവേഴ്സിറ്റി ഓഫിസ്, വഴുതക്കാട് വിമന്‍സ് കോളജ്, സെന്‍റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ട് , ജിമ്മി ജോര്‍ജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം. പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവര്‍/സഹായി ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വാഹനത്തിന്‍റെ വിന്‍ഡ് സ്ക്രീനില്‍ ഡ്രൈവര്‍/ സഹായിയുടെ മൊബൈല്‍ ഫോൺ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
ഫുട്പാത്തുകളിലും പ്രധാന ജംക്‌ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam