തിരുവനന്തപുരത്ത് വാടകയ്ക്ക് എടുത്ത കാറുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി. തമിഴ്നാട്, തൃശൂർ സ്വദേശികളാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നേരത്തെ അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ കണ്ണികളായ രണ്ടുപേർ പിടിയിലായിരുന്നു.
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽനിന്ന് നമ്പർ കണ്ടെത്തി ഓട്ടം വിളിച്ച കാറുമായി മുങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിലെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ ഈ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി പാളയംകോട് ത്രിങ്കാന നയനാർ സ്ട്രീറ്റ് ഹൗസ് നമ്പർ 2എ യിൽ തിരുനെൽവേലി രാജ എന്ന നമ്പി രാജൻ (24), തൃശൂർ പുല്ലൂർ കൊല്ലാടി ക്ഷേത്രത്തിനു സമീപം മനംപള്ളി ഹൗസിൽ പ്രണവ് (31) എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ കണ്ണികളായ പത്തനംതിട്ട സ്വദേശി ജോയൽ (26), കാസർകോട് സ്വദേശിയും എറണാകുളത്ത് താമസിക്കുന്ന സാബിർ (23) എന്നിവരെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിയെടുത്ത കാറും പ്രതിയെയും കൊണ്ടുവരുന്നതിനിടെ പാറശാലാ പൊലീസും തമിഴ്നാട്ടിൽ നിന്നുള്ള വക്കീലുമാരുമായി സംഘർഷമുണ്ടായി. പ്രതിയെ വിട്ടുകിട്ടുന്നതു സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി മൈക്കിളിനെ (29) കബളിപ്പിച്ചാണ് കാറുമായി കടന്നത്. ഇക്കഴിഞ്ഞ ആറാം തീയതിയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശി ജോയൽ എന്ന് പരിചയപ്പെടുത്തിയാണ് മൈക്കിളിന്റെ ഫോണിലേക്ക് കാൾ എത്തിയത്. തുടർന്ന് പ്രതികൾ വിഴിഞ്ഞത്തെത്തി. ഒരു ദിവസത്തേക്ക് കാർ വാടകയ്ക്ക് നൽകണമെന്നും പിറ്റേന്ന് തിരികെ നൽകാമെന്നും അറിയിച്ചു. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും വാങ്ങിയാണ് മൈക്കിൾ കാറ് കൊടുത്തത്. വാഹനം തിരികെ കിട്ടാതെ ആയതോടെ നിരവധി തവണ ജോയലിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്നാണ് കബളിപ്പിക്കൽ മനസിലാക്കി പൊലീസിൽ പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽനിന്ന് വാഹനം വാടകയ്ക്ക് കൊടുക്കുന്നവരുടെ നമ്പർ കണ്ടെത്തി ജോയലാണ് വാഹനം രണ്ടു ദിവസത്തേക്ക് ആവശ്യപ്പെട്ട് വിളിക്കുന്നത്. ശേഷം സാബിറിനെ ഏൽപ്പിക്കും. സാബിർ ഈ വാഹനം പ്രണവിനെ ഏൽപ്പിക്കും. പ്രണവ് വാഹനം കോയമ്പത്തൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പണയം വെക്കും. മൂന്നുമാസത്തിനകം ഈ വാഹനം തിരികെ എടുത്തില്ലെങ്കിൽ പൊളിച്ചു വിൽക്കുകയോ ഗുണ്ടാസംഘങ്ങൾക്ക് കൈമാറുകയോ ആണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
വിഴിഞ്ഞത്തുനിന്ന് കബളിപ്പിച്ചെടുത്ത വാഹനം കോയമ്പത്തൂരിലെ ഗുണ്ടയ്ക്ക് നൽകുകയായിരുന്നു. ഇത് പ്രണവിനെ കൊണ്ട് ഒന്നര ലക്ഷം രൂപ നൽകിയാണ് പൊലീസ് തന്ത്രപൂർവും തിരികെയെടുത്തത്. പ്രണവ് തൃശൂരിൽ കാപ്പാ കേസ് പ്രതിയും രാജയ്ക്ക് തമിഴ്നാട്ടിൽ മൂന്നു കൊലക്കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലായി പ്രതികൾക്ക് സമാന രീതിയിൽ എട്ടോളം കേസുകളുണ്ട്. എല്ലാ വാഹനങ്ങളും രാജയുടെ കൈവശമാണെന്നും പൊലീസ് പറഞ്ഞു.


