കൊവിഡ് പരിശോധന ഫലം ഇനി രണ്ട് മണിക്കൂറി‌ൽ; മഞ്ചേരി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് മെഷീനുകൾ

By Web TeamFirst Published May 30, 2020, 7:16 PM IST
Highlights

ഇതിൽ ഒരേസമയം രണ്ട് സാമ്പിളുകൾ പരിശോധിക്കുവാൻ സാധിക്കും. 25 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്.

മഞ്ചേരി: മെഡിക്കൽ കോളേജിലെ കൊവിഡ് ലാബിൽ സാമ്പിൾ പരിശോധനാ ഫലം ഇനി വേഗത്തിൽ  ലഭ്യമാവും. ഇതിനായി രണ്ട് ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് മെഷീനുകളാണ് ലാബിൽ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കൊവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്തുനിന്നെത്തുന്നതോ ആയ ഗർഭിണികളുടെയും സ്രവ പരിശോധനയ്ക്കാണ് ട്രൂനാറ്റ് ഉപയോഗിക്കുന്നത്. 

ഇതിൽ ഒരേസമയം രണ്ട് സാമ്പിളുകൾ പരിശോധിക്കുവാൻ സാധിക്കും. 25 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. മൃതശരീരങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിക്കുന്നതിനും പുതിയ ടെസ്റ്റ് മെഷീനിൽ സംവിധാനമുണ്ട്. 

മഞ്ചേരി മെഡിക്കൽ കോളേജിലെ കൊവിഡ് ലാബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്റ്റേസ് അഥവാ പി.സി.ആർ മെഷീനിലൂടെ പരിശോധന നടത്തുന്നത്. കൂടാതെ നൂതന സംവിധാനങ്ങളുപയോഗിച്ച് കൊവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന കൊവിഡ് വിസ്‌കുകളും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.

click me!