Latest Videos

അപകടം പറ്റിയ കൂട്ടുകാരനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി

By Web TeamFirst Published May 6, 2024, 11:45 AM IST
Highlights

മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.  

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറന്മുള പോലീസ്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സഹദിനൊപ്പം സഞ്ചരിച്ച സുധീഷ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കാരംവേലിയിൽ വെച്ച്  അമിത വേഗത്തിലായിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഇവിടെ നിന്ന് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ സഹദിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്.  അപകട ശേഷം ബൈകുമായി സഹദ് കടന്നു കളയാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു.

നെല്ലിക്കാല സ്വദേശിയായ 17 കാരൻ സുധീഷ് ലൈറ്റ് ആൻഡ് സൗണ്ട്സ് ജോലിക്ക് പോകുന്നയാളാണ്. സഹദാകട്ടെ മീൻ കച്ചവടം നടത്തുന്നയാളും. സഹദിനെതിരെ ആറന്മുള പോലീസ് അപകടകരമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. ഇവർ സഞ്ചരിച്ച ബൈക്ക് എങ്ങനെ അപകടത്തിൽപെട്ടു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

click me!