
മലപ്പുറം: മുൻകൂറായി പണം അടച്ചിട്ടും ടിവി പറഞ്ഞ സമയത്ത് ലഭിച്ചില്ലെന്നും ടിവി കിട്ടിയപ്പോൾ തകർന്ന നിലയിലായിരുന്നെന്നുമുള്ള പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഇടപെടൽ. 15000 രൂപയും കോടതി ചെലവായി 2000 രൂപയും നഷ്ടപരിഹാരം നൽകാനാണ് മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്.
മലപ്പുറം പൂളമണ്ണയിലെ ടി വി പ്രകാശ് നൽകിയ പരാതിയിലാണ് കോടതി വിധി. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഉത്തർപ്രദേശിലെ ഖാസിയാബാദിലെ ഫോക്‌സ് സ്‌കൈ ഇലക്ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ 7,700 രൂപ മുൻകൂറായി അടച്ച് 32 ഇഞ്ച് ഫുൾ എച്ച് ഡി സ്മാർട്ട് ടിവി പരാതിക്കാരൻ ബുക്ക് ചെയ്തിരുന്നു.
ഒക്ടോബർ 14 ന് ടിവി എത്തുമെന്നാണ് കമ്പനി പരാതിക്കാരനെ അറിയിച്ചത്. വിവരമൊന്നും ലഭിക്കാത്തതിനാൽ പ്രകാശൻ കമ്പനിക്ക് മെയിൽ അയച്ചു. തന്റെ സമീപത്തുള്ള എക്‌സ് പ്രസ്സ് ബീസ് എന്ന കൊറിയർ കമ്പനിയിൽ ടിവി എത്തിയെന്ന സന്ദേശം പ്രകാശന് ലഭിച്ചെങ്കിലും ടിവി കിട്ടിയില്ല. 25 വരെ കാത്ത് നിന്ന പ്രകാശൻ ടിവിക്കായി മുൻകൂർ നൽകിയ 7700 രൂപ മടക്കി നൽകാൻ ആവശ്യപ്പെട്ടു. നാല് ദിവസത്തിന് ശേഷം പൊട്ടിയ നിലയിലാണ് ടിവി ലഭിച്ചത്.
ഈ വിവരം സ്ഥാപനത്തെ അറിയിച്ചപ്പോൾ ടെക്‌നീഷ്യൻ വീട്ടിലെത്തി ആവശ്യമായത് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നവംബർ 17ന് വീണ്ടും പ്രകാശൻ കമ്പനിക്ക് കത്ത് നൽകി. പക്ഷേ മറുപടിയൊന്നും കിട്ടിയില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. പതഞ്ജലി യോഗ ട്രെയിനറായ തനിക്ക് ടിവി അവശ്യവസ്തുവാണെന്നും വ്യക്തിപരമായും കുടുംബ പരമായും ദൃശ്യമാധ്യമത്തിൽ നിന്നുള്ള ആസ്വാദനം ഏഴ് മാസം കമ്പനി നഷ്ടപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കോടതി ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകാത്ത പക്ഷം തുകയുടെ 12 ശതമാനം പ്രതിവർഷം പലിശ നൽകണമെന്നും വിധിയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam